Latest News

ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്: താനും ചൂഷണത്തിന് ഇരയായിട്ടുണ്ട് എന്ന് നൈല ഉഷ

2017-08-17 02:01:16am |

മമ്മൂട്ടിയോടൊപ്പം കുഞ്ഞനന്തന്റെ കട, ഫയല്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ ഷോയില്‍ അവതാരകയായി എത്തിയതിലൂടെയും നൈല ഉഷയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിരുന്നു. സ്ത്രീകള്‍ എല്ലായിടത്തും ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്നും താനും ഒരുപാട് സഹിച്ചിട്ടുണ്ട് എന്നും നൈല ഉഷ പറയുന്നു. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനു തടയിടാന്‍ സാധിക്കുന്നുള്ളു.

തന്റെ കുട്ടിക്കാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പയില്‍ തൂങ്ങി നിന്നുള്ള സ്‌കൂളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാടു തോണ്ടലും തലോടലും താന്‍ സഹിച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടില്ലെന്നു നടിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷക്കണക്കിനു മലയാളികള്‍ താമസിക്കുന്ന ദുബായില്‍ ഇത്തരത്തിലൊരു പ്രശ്‌നവും ഇല്ല. ഏതു പാതിരാത്രിയും സ്ത്രീകള്‍ക്കു ധൈര്യമായി പുറത്തിറങ്ങാം. അവിടുത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമാണെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും നൈല ഉഷ പറയുന്നു.