Latest News

പ്രണവിനെ കണ്ടു, സുജിത്തിന് അപൂർവഭാഗ്യം! വൈറലാകുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

2017-08-23 02:46:25am |

പ്രണവ് മോഹൻലാൽ നായകനായി എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മകനെന്നതിലുപരി വ്യക്തിത്വമാണ് പ്രണവിനെ വ്യത്യസ്തനാക്കിയത്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും പ്രണവ് ഒരു അദൃശ്യസാനിധ്യമായി പ്രേക്ഷകർക്കൊപ്പം എന്നും ഉണ്ടായിരുന്നു.

സിനിമകളേക്കാൾ യാത്രകളും മറ്റുമായിരുന്നു പ്രണവിന് ഇഷ്ടം. ഇപ്പോൾ ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെ നായകനായി എത്തുകയാണ് അപ്പു എന്ന പ്രണവ് മോഹൻലാൽ. പ്രണവിനെക്കുറിച്ച് ബംഗലൂരുവിൽ സോഫ്റ്റ്‌വയർ എൻജിനിയറായ സുജിത്ത് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ആദിയുടെ ഷൂട്ടിങിനായി ബംഗലൂരുവിൽ എത്തിയപ്പോഴാണ് സുജിത്തിന്  പ്രണവിനെ പരിചയപ്പെടാൻ ഭാഗ്യമുണ്ടായത്.

പ്രണവിന്റെ സ്വഭാവത്തെക്കുറിച്ചും ആ പരിചയപ്പെടലിലൂടെ തനിക്ക് കിട്ടിയൊരു അപൂർവഭാഗ്യത്തെക്കുറിച്ചും സുജിത്ത് വെളിപ്പെടുത്തി.

പ്രണവിനെക്കുറിച്ച് സുജിത്തിന്റെ വാക്കുകൾ

എന്റെ യാത്രകൾ എനിക്കെന്നും സുഖമുള്ള ഓർമ്മകൾ മാത്രം നൽകുന്നതാണ്. സത്യത്തിൽ ഒരു യാത്ര പോവുന്നതിനേക്കാൾ വലിയൊരു സന്തോഷം എന്റെ ജീവിതത്തിൽ ഇല്ല എന്ന് തന്നെ പറയാം. ഒരിക്കൽ പ്രണവിനെ കുറിച്ചൊരു ഫീച്ചർ വായിച്ചപ്പോൾ തോന്നി അയാളെത്ര ഭാഗ്യവാൻ ആണെന്ന്. 

കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ സഞ്ചാരങ്ങളെ കുറിച്ചും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ചുമായിരുന്നു ആ ലേഖനത്തിൽ പറഞ്ഞിരുന്നത്. അന്ന് മുതൽ മനസ്സിൽ ഉദിച്ച ഒരു തോന്നലാണ് എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണുമെന്ന്. ഏതെങ്കിലുമൊരു യാത്രയിൽ, ഭാരതത്തിലെ ഏതെങ്കിലുമൊരു ഗ്രാമത്തിൽ വെച്ച് കണ്ടുമുട്ടുമെന്നൊരു പ്രതീക്ഷ, വർഷങ്ങളായി ഈയൊരാഗ്രഹം അങ്ങനെ മനസ്സിൽ പതിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞാൻ വളരെ സന്തോഷത്തിലാണ്, കാരണം മറ്റൊന്നുമല്ല, അപ്പുവിനെ ആദ്യമായി നേരിൽ കാണാനും, കുറച്ചു സമയം യാത്രകളെ കുറിച്ചു സംസാരിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ യാത്രകൾ അദ്ദേഹത്തിനെ എത്രയധികം സ്വാധീനിച്ചിരിക്കുന്നു എന്നത് സംസാരത്തിൽ തന്നെ തെളിഞ്ഞു കാണാം. അത്രയധികം ഡൗൺ ടു എർത്ത് ആയിട്ടൊരു മനുഷ്യൻ. പറയാൻ വാക്കുകൾ തികയാതെ വരും! എന്റെ സന്തോഷവും പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകളില്ല.

എന്താണേലും, വീണ്ടും ഏതേലും ഒരു യാത്രയിൽ വെച്ച് കണ്ടു മുട്ടുമെന്ന പ്രതീക്ഷയോടെ ഞാൻ വീട്ടിലേക്കു തിരിച്ചു. ഇന്നിങ്ങനെ ഒരവസരം ഒരുക്കി തന്നതിൽ അനിയേട്ടനും, എന്റെ മറ്റു പ്രിയപ്പെട്ട കൂട്ടുകാർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.–സുജിത്ത് പറഞ്ഞു.

‘ആ ഫോട്ടോയിൽ കാണുന്ന ആളുകളെല്ലാം സിനിമയുടെ സാങ്കേതികപ്രവർത്തകരാണ്. പലരും പറഞ്ഞുകേട്ടിട്ടുണ്ട് പ്രണവിനെക്കുറിച്ച്. ഞാനും അത് അനുഭവിച്ചറിഞ്ഞു. പറയാൻ വാക്കുകളില്ല. വലിയ ആദരവ് തോന്നിപ്പോകുന്നു അദ്ദേ‌ഹത്തോട്.

ഇതിന് മുമ്പും താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. അപ്പോൾ അവർക്കോ നമുക്കോ ഒരു വികാരവും തോന്നാറില്ല. പ്രണവ് താരരാജാവിന്റെ മകനാണ് ചെറിയൊരു ജാഡയെങ്കിലും കാണുമെന്ന് ഞാനും ഓർത്തിരുന്നു. പക്ഷേ അങ്ങനെ ഒരു തോന്നൽപോലും ഉണ്ടായില്ലെന്നതാണ് സത്യം. സെറ്റിൽ മുഴുവനായി നിറഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും സംസാരം എല്ലാവരുടെയും അടുത്തു പോകുന്നു. സുജിത് പറഞ്ഞു. 

ആദി സിനിമയ്ക്കും പ്രണവിനും എല്ലാ ആശംസകളും നേരുന്ന സുജിത്ത് ചിത്രം റിലീസിനെത്തുന്ന കാത്തിരിപ്പിലാണ്.