Latest News

അച്‌ഛനു ബലിയിടാന്‍ ജയിലിനു പുറത്തുപോകാന്‍ ദിലീപിന്‌ അനുമതി, കാവ്യയുടെ സഹോദരന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്?

2017-09-03 02:04:32am |

കൊച്ചി/അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ ആലുവ സബ്‌ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്‌ അച്‌ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി. രണ്ടുമണിക്കൂര്‍ നേരം പോലീസ്‌ കാവലില്‍ ജയിലിനു പുറത്തുപോകാനുള്ള അനുമതിയാണ്‌ അങ്കമാലി ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി നല്‍കിയത്‌. ആറിനാണ്‌ ദിലീപിന്റെ അച്‌ഛന്റെ ശ്രാദ്ധം.
ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്നലെയാണ്‌ കോടതിക്കു മുമ്പിലെത്തിയത്‌. രാവിലെ ഏഴു മുതല്‍11 മണിവരെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ആവശ്യം.

2008ലാണ്‌ ദിലീപിന്റെ അച്‌ഛന്‍ പദ്‌മനാഭന്‍ പിള്ള മരിച്ചത്‌. മൂത്തമകനായ ദിലീപാണു എല്ലാവര്‍ഷവും ബലിയിടുന്നതെന്നും മുടക്കം വരുത്തിയിട്ടില്ലന്നും അഭിഭാഷകര്‍ അറിയിച്ചു. ആവശ്യം പ്രോസിക്യൂഷന്‍ ശക്‌തമായി എതിര്‍ത്തെങ്കിലും മാനുഷികപരിഗണന നല്‍കി ശ്രാദ്ധദിനത്തില്‍ 8 മുതല്‍ 10 മണി വരെ പോലീസ്‌ കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.
കഴിഞ്ഞ ശ്രാദ്ധദിനത്തില്‍ ദിലീപ്‌ ബലിയിടാന്‍ വീട്ടില്‍ പോയിരുന്നില്ലെന്നു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകള്‍ സഹിതം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സുരക്ഷാകാരണങ്ങളാലും ദിലീപ്‌ ജയിലിനു പുറത്തുപോകുന്നത്‌ അനുവദിക്കരുത്‌. അച്‌ഛനു ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രം ഉന്നയിക്കുന്നതാണ്‌. അനുവദിച്ചാല്‍ കീഴ്‌വഴക്കമാകും. അച്‌ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം എന്തുകൊണ്ട്‌ ജാമ്യാപേക്ഷ വേളയില്‍ പ്രതിഭാഗം ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. പുറത്തുവന്നാല്‍ പ്രതി മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം പുറത്തുവന്നാലും മാധ്യമങ്ങളെ കാണാനോ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനോ ദിലീപിനു കഴിയില്ല.
ദിലീപിന്റെ റിമാന്‍ഡ്‌ ഈ മാസം16 വരെ കോടതി നീട്ടിയിട്ടുണ്ട്‌. ദിലീപിനു വേണ്ടി അഭിഭാഷകരായ അനില്‍കുമാര്‍, സുജേഷ്‌ മോനോന്‍ എന്നിവര്‍ ഹാജരായി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുരുക്കിലാക്കാന്‍ പോലീസിന് ലഭിച്ച ശക്തമായ തെളിവുകള്‍ ഏതൊക്കെയാണന്ന് പുറത്തുവരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ദിലീപിനെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ പോലീസ് കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാവ്യയുമായും കുടുംബവുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യയുടെ നിലപാടിനെ പൊളിച്ചടുക്കാന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കും. അതേസമയം കാവ്യയെ അറസ്റ്റ് ചെയ്യാന്‍ നീക്കമുള്ളതായും സൂചനയുണ്ട്. ഓണത്തിനുശേഷമായിരിക്കും ഇത്.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ടതിനുശേഷം കാവ്യയുടെയും ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദിലീപ് ശ്രദ്ധാപൂര്‍വം ഫോണ്‍ ഉപയോഗിച്ചെങ്കിലും കാവ്യ ബന്ധുക്കളുമായി സംസാരിച്ച പല കാര്യങ്ങളും പോലീസിന് പിടിവള്ളിയായി. ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.