Latest News

ദിലീപിന്റെ തണ്ടര്‍ ഫോഴ്‌സ് കൊട്ടാരക്കരയില്‍ എത്തിയത് ബൈജു കൊട്ടാരക്കരയെ തേടി? പരാതിയുമായി സംവിധായകന്‍

2017-10-24 02:28:38am |

നടന്‍ ദിലീപിന് സംരക്ഷണമൊരുക്കാന്‍ എത്തിയ തണ്ടര്‍ ഫോഴ്‌സ് എന്തിനാണ് കൊട്ടാരക്കരയില്‍ എത്തിയതെന്ന് സിനിമാലോകത്ത് ചര്‍ച്ച. ബൈജു കൊട്ടാരക്കരയുടെ സ്ഥലമായതിനാലാണ് സംശയമുയരുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിനെതിരെ നിലപാട് സ്വീകരിച്ച സംവിധായകനാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിക്കുന്ന നിലപാടുകള്‍ തന്നെ ബൈജു കൊട്ടാരക്കര സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന്റെ സ്വകാര്യ സുരക്ഷാ സേനയായ തണ്ടര്‍ ഫോഴ്‌സിന്റെ കൊട്ടാരക്കരയിലേക്കുള്ള വരവ് അന്വേഷിക്കണമെന്ന് ബൈജു ആവശ്യപ്പെട്ടു.

ദിലീപിന് കൊട്ടാരക്കരയില്‍ സിനിമാ ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ ഏതെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടേയും വീടുകളും കുടുംബവീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. എന്റെ വീട്ടില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെ നിന്നുമാണ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഞാന്‍ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളില്‍ പലര്‍ക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടര്‍ഫോഴ്‌സിന്റെ വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

Baiju Kottarakkara, Thuder force

കൊല്ലത്ത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. സംവിധായകരായ വിനയന്‍, എം.എ നിഷാദ് എന്നിവര്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ചു വന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞ് അറിഞ്ഞതെന്നും ബൈജു പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനെ ഇക്കാര്യം അറിയിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ബൈജു കൂട്ടിച്ചേര്‍ത്തു.

ദിലീപ് തണ്ടര്‍ഫോഴ്‌സിനെ ഉപയോഗിക്കുന്നുവെന്ന് കേട്ടു. കാശുള്ള ആര്‍ക്കും എത്ര ഫോഴ്‌സിനെ വേണമെങ്കിലും ഉപയോഗിക്കാം. അതിലൊന്നും പരാതിയില്ല. മലയാളത്തിലെയോ തമിഴിലിയോ സൂപ്പര്‍ താരങ്ങള്‍ പോലും ഇത്തരമൊരു സുരക്ഷാ മാര്‍ഗം സ്വീകരിച്ചിട്ടില്ല. ദിലീപിന് ഇപ്പോള്‍ ഇത്തരത്തില്‍ സുരഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. കാരണം നടിയെ ആക്രമിച്ച കേസില്‍ പിടിക്കപ്പെട്ട ക്വെട്ടേഷന്‍ സംഘാങ്ങള്‍ ജയിലില്‍ തമ്മില്‍ തല്ലിയെന്നും പറഞ്ഞുറപ്പിച്ച പണം നല്‍കാതിരുന്നതാണ് കാരണമെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഇത്തരക്കാരില്‍ നിന്നും സംരക്ഷണം കിട്ടാന്‍ തണ്ടര്‍ ഫോഴ്‌സിനെ ഉപയോഗിക്കുന്നത് നല്ലതാണെന്നും ബൈജു പറഞ്ഞു.