Latest News

നായകനൊത്തെ തലപ്പൊക്കം നേടിയ വരിക്കാശ്ശേരി മനയെ സിനിമയിലെടുത്തത് ഐ.വി.ശശി

2017-10-26 02:14:31am |

ഒറ്റപ്പാലം∙ മംഗലശ്ശേരി നീലകണ്ഠൻ എന്ന നായകന്റെ തലപ്പൊക്കത്തിനൊത്ത തറവാടിനായുള്ള അന്വേഷണം ഐ.വി. ശശിയെ എത്തിച്ചത് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിൽ. അതോടെ വരിക്കാശ്ശേരി മന മലയാള സിനിമയിൽ നായകനൊത്തെ തലപ്പൊക്കം നേടി. രഞ്ജിത്തിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ‘ദേവാസുരം’ ഹിറ്റായതോടെ മനയിൽ ചിത്രീകരിക്കപ്പെട്ടതു നൂറു കണക്കിനു സിനിമകൾ.

മനയുടെ പൂമുഖവും നടുമുറ്റവും പത്തായപ്പുരയും കുളവുമെല്ലാം ഇന്നു സിനിമാ പ്രേമികൾക്കു സുപരിചിതം. ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളിലും മന കാണാൻ സഞ്ചാരികളെത്തുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ആവശ്യ പ്രകാരം, ഒറ്റപ്പാലം ഫിലിം സിറ്റി പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ രണ്ടു വർഷം മുൻപു വന്നപ്പോൾ വരിക്കാശ്ശേരി മനയെ കണ്ടെത്തിയ ഓർമകൾ ഐ.വി. ശശി പങ്കു വച്ചിരുന്നു.

പദ്ധതിയ്ക്കായി കണ്ണിയംപുറത്തു കണ്ടെത്തിയ സ്ഥലത്തെ ജലവിഭവ വകുപ്പിന്റെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിലനിർത്തി, സിനിമാ ചിത്രീകരണത്തിനു വിവിധോദ്ദേശ കെട്ടിടങ്ങളാക്കി ഉപയോഗിക്കാമെന്നായിരുന്നു ഐ.വി. ശശിയുടെ നിർദേശമെന്ന് മുൻ എംഎൽഎ എം.ഹംസ അനുസ്മരിക്കുന്നു.