Latest News

സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു: മല്ലിക സുകുമാരന്‍

2017-11-06 02:44:51am |

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചാലക്കുടിയില്‍ നടന്നു. മമ്മൂട്ടി വിട്ടു നിന്ന ചടങ്ങില്‍ നടന്‍മാരായ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മ മല്ലിക സുകുമാരന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. തന്റെ ഭര്‍ത്താവ് സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മല്ലിക തുറന്നടിച്ചു. എന്നാല്‍ വിനയനാണ് അവരെ രക്ഷിച്ചതെന്നും മല്ലിക പറഞ്ഞു.

ചടങ്ങില്‍ സംവിധായകന്‍ ജോസ് തോമസും മനസ് തുറന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ജോസ് തോമസ് പറഞ്ഞു. ഇത് തെറ്റായ തീരുമാനമായി എന്ന് തിരിച്ചറിയാന്‍ വൈകിയെന്നും ജോസ് തോമസ് പറഞ്ഞു. പൂജാ ചടങ്ങില്‍ സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മായില്‍, ബൈജു കൊട്ടാരക്കര തുടങ്ങിയവരും പങ്കെടുത്തു. തൊടുപുഴയില്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ പങ്കെടുക്കില്ലെന്ന് മമ്മൂട്ടി വിനയനെ അറിയിച്ചിരുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖമായ രാജാമണിയാണ് നായകനാകുന്നത്. ഹണിറോസ് ആണ് നായിക. മണിയുടെ ജീവിതം അതേപടി പകര്‍ത്തുന്ന ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് വിനയന്‍ പറഞ്ഞു. മണിയുടെ നിറം അദ്ദേഹത്തെ സിനിമയില്‍ മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്. കറുപ്പിനെക്കുറിച്ചും ദളിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ നാം സംസാരിക്കാറുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അത്തരം കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിനയന്‍ പറഞ്ഞു.

ഈ മാസം 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. 2018 മാര്‍ച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ജോയ് മാത്യു, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.