Latest News

സത്യസന്ധനായ മനുഷ്യനെ ഉപദ്രവിക്കാന്‍ ഞാനും കൂട്ടുനിന്നതിന്റെ കുറ്റബോധം,അന്ന് വിനയനെ ഒറ്റപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ഇന്നും കടുത്ത കുറ്റബോധമുണ്ട്: ജോസ് തോമസ്

2017-11-08 03:04:23am |

ഫെഫ്കയില്‍ അംഗമായിരുന്ന സമയത്തു വിനയനെ ഒറ്റപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ഇന്നും കടുത്ത കുറ്റബോധം ഉണ്ട് എന്ന് സംവിധായകന്‍ ജോസ് തോമസ്. വിനയന്റെ ഏറ്റവും പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജ വേളയിലാണ് ജോസ് തോമസ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഫെഫ്ക്കയില്‍ തനിക്കു പ്രശ്‌നം ഉണ്ടായപ്പോള്‍ സഹായിക്കാന്‍ വിനയന്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നും ജോസ് തോമസ് പറയുന്നു. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എല്ല ആശംസകളും ജോസ് തോമസ് നല്‍കി: ആ വാക്കുകള്‍ ഇങ്ങനെ.

വിനയന്‍ ഭീകരവാദിയാണെന്നാണ് ഒരുകാലത്ത് ഞാന്‍ കേട്ടത്. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം ആ ഫെഫ്കയില്‍ നിന്ന് പടിയിറങ്ങി. അത്രമാത്രം കുറ്റബോധം ഉണ്ടായിരുന്നു. സത്യസന്ധനായ മനുഷ്യനെ ഉപദ്രവിക്കാന്‍ ഞാനും കൂട്ടുനിന്നതിന്റെ കുറ്റബോധം. പിന്നീട് എന്റെ സിനിമയ്ക്ക് പ്രശ്നം വന്നപ്പോള്‍ ഇവരൊന്നും എനിക്കൊപ്പം നിന്നില്ല. വിനയന്‍ മാത്രമാണ് സഹായിച്ചത്. ഒരിക്കലും എന്നോട് വൈരാഗ്യം പുലര്‍ത്തിയില്ല. ഒരു തീണ്ടാപ്പാടകലെ നിര്‍ത്തി ഒഴിവാക്കാന്‍ നോക്കിയപ്പോള്‍ ചങ്കുറ്റത്തോടെ പിടിച്ചു നിന്ന വ്യക്തിയാണ് വിനയന്‍.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം മറ്റൊരു നടനെ വച്ചാണ് ചെയ്യേണ്ടിയിരുന്നത്. തിരക്കഥാകൃത്തിനെ ആ നടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍, എന്നാല്‍ നിങ്ങള്‍ മാറിക്കോളൂ, ഞാന്‍ മറ്റൊരുനായകനെ വച്ചോളാം എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ സംവിധായകനാണ് വിനയന്‍. ഇന്ന് മണിയുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാ ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു- ജോസ് തോമസ് പറഞ്ഞു.