Latest News

സ്‌ത്രീവിരുദ്ധപ്രമേയവും കലാകാരന്റെ സ്വാതന്ത്ര്യം, ചിത്രീകരിക്കുന്നത് സമൂഹത്തില്‍ കാണുന്ന കാഴ്ചകള്‍: ലിജോ ജോസ്‌

2017-03-27 02:08:41am |

സമൂഹത്തില്‍ കാണുന്ന കാര്യങ്ങള്‍ മാത്രമാണു താന്‍ സിനിമയില്‍ ചിത്രീകരിക്കുന്നതെന്നും സ്‌ത്രീവിരുദ്ധപ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതോ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുന്നതോ കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ്‌ പല്ലിശ്ശേരി.

ചുറ്റും നോക്കുമ്പോള്‍ കാണുന്നത്‌ എന്താണോ അതാണു സിനിമയിലും ആവിഷ്‌കരിക്കപ്പെടുക. ലോകത്തു നടക്കുന്ന കാര്യങ്ങള്‍തന്നെയാണു ഭൂരിഭാഗം സിനിമകള്‍ക്കും പ്രമേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ല ബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌ത്രീവിരുദ്ധതയുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ അഭിപ്രായം വ്യക്‌തിപരമാണ്‌. അക്കാര്യത്തില്‍ തന്റെ അഭിപ്രായം വേറെയാണ്‌. നിയമപുസ്‌തകം ആസ്‌പദമാക്കി ആവിഷ്‌കരിക്കാവുന്ന കലയല്ല സിനിമ. ഒരു സിനിമയും അത്തരമൊരു ചതുരവടിവില്‍ ചെയ്യാനാവില്ല. ഓരോ കലാകാരനും ഓരോ കാഴ്‌ചപ്പാടും സ്വാതന്ത്ര്യവുമുണ്ട്‌.

സിഗരറ്റ്‌ വലിക്കുന്നതും മദ്യപിക്കുന്നതുമൊന്നും സിനിമയില്‍ കാണിക്കാനാവില്ലെന്നു പറയാനാകില്ല. അതെല്ലാം സമൂഹത്തിലേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്‌ചകളാണ്‌. സ്‌ത്രീകള്‍ക്കുനേരേയുള്ള ചിലരുടെ മനോഭാവം സിനിമയില്‍ ചിത്രീകരിക്കുമ്പോള്‍ എങ്ങനെയാണു സ്‌ത്രീവിരുദ്ധമാവുക?
അങ്കമാലി ഡയറീസില്‍ വയലന്‍സ്‌ കൂടുതലാണെന്ന പ്രചാരണം ശരിയല്ല. പുറത്തു കാണുന്നത്ര വയലന്‍സ്‌ ചിത്രത്തിലില്ല. 2.5 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രത്തിന്‌ ഇതുവരെ 10 കോടി രൂപ കളക്‌ഷന്‍ നേടാനായി. 86 പുതുമുഖങ്ങളെ പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിച്ചതു പരീക്ഷണമെന്ന നിലയിലാണ്‌. സിനിമയിലെ ഒരു രംഗത്ത്‌, പോലീസ്‌ സ്‌റ്റേഷന്‍ നോട്ടീസ്‌ ബോര്‍ഡില്‍ മാവോയിസ്‌റ്റ്‌ നേതാവ്‌ ഷൈനിയുടെ ചിത്രം കാട്ടിയതു കലാസംവിധാനത്തില്‍ വന്ന വീഴ്‌ചയാണ്‌.

ഇതു സംബന്ധിച്ച പ്രതികരണങ്ങള്‍ വന്നപ്പോഴാണ്‌ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പെട്ടതെന്നും ലിജോ പറഞ്ഞു. നിര്‍മാതാവും നടനുമായ വിജയ്‌ ബാബുവും മുഖാമുഖത്തില്‍ പങ്കെടുത്തു.