Latest News

മഹേഷിന്റെ പ്രതികാരം വിനായകനു ചെയ്യാന്‍ കഴിയും; എന്നാല്‍ പത്ത് ഫഹദ് ഫാസിലിനു കമ്മട്ടിപ്പാടത്തിലെ വിനായകന്റെ റോള്‍ ചെയ്യാന്‍ കഴിയില്ല: ഫഹദ്

2017-03-28 02:26:56am |

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിനായകനെ അഭിനന്ദിച്ചും വിനായകന്റെ അഭിനയം എടുത്തു പറഞ്ഞും നടന്‍ ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരം വിനായകനെ വച്ച് എടുത്താല്‍ നന്നാകും. അതു ചെയ്തതു പോലെയല്ലാതെ മറ്റൊരു രീതിയില്‍ നന്നാകും. മറ്റൊരു സ്വഭാവവും സംസ്‌കാരവുമൊക്കെയുള്ള നല്ലൊരു ചിത്രം. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ അഭിനയിച്ചാലും കമ്മട്ടിപ്പാടത്തിലെ വിനായകന്‍ ചെയ്ത കഥാപാത്രം ചെയ്യാനകില്ലെന്നായിരുന്നു ഫാഹദ് ഫാസിലിന്റെ പ്രതികരണം.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഒരു ഇടവേള എടുത്തതു സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയായിരുന്നു. പൊതുവേ താനൊരു മടിയനാണ്. സെലക്ടീവാകാന്‍ വേണ്ടിയായിരുന്നില്ല ഇടവേള എടുത്തത്. സംസ്ഥാന പുരസ്‌കാരത്തിനായി മഹേഷിന്റെ പ്രതികാരം വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന അഭിപ്രായം തനിക്കില്ല, പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചിരുന്നോ എന്നാതിനാണു താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ഫഹദ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു ഫഹദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.