Latest News

മൂവാറ്റുപുഴക്കാരുടെ സൂപ്പർസ്റ്റാർ! താരംവിടപറഞ്ഞതറിഞ്ഞു നൊമ്പരത്തിലായി സുഹൃത്തുക്കളും നാട്ടുകാരും

2017-12-01 02:42:46am |

മൂവാറ്റുപുഴ ∙ മൂവാറ്റുപുഴക്കാരുടെ സൂപ്പർ സ്റ്റാറായിരുന്നു അബി. ഞങ്ങളുടെ സ്വന്തമെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന താരം പൊടുന്നനെ വിടപറഞ്ഞതറിഞ്ഞു നൊമ്പരത്തിലായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും. വൈകിട്ട് ആറരയോടെ അബിയുടെ മൃതദേഹം മൂവാറ്റുപുഴ ടൗൺ ഹാളിലെത്തിച്ചപ്പോൾ നാടാകെ അവിടേക്ക് ഒഴുകിയെത്തി.

അബിക്കു മുൻപേ വേർപിരിഞ്ഞ ഉറ്റ ചങ്ങാതി സാഗർ ഷിയാസിന്റെ നിസ്സഹായരായ കുടുംബത്തെ സഹായിക്കാനായി ഒരുക്കിയ താരസന്ധ്യയുടെ സംവിധായകനും സംഘാടകനുമായാണ് അബി ഏറ്റവും ഒടുവിൽ മൂവാറ്റുപുഴയിലെ വേദിയിൽ തിളങ്ങിയത്. 

അബിയുടെ മൃതദേഹം മൂവാറ്റുപുഴയിലെത്തിച്ചപ്പോൾ ബാല്യകാല സുഹൃത്തുക്കളും കലാരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാനെത്തി.  ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നു മമ്മൂട്ടിയും എത്തി. സംവിധായകരായ ലാൽ ജോസ്, വിനയൻ, എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ, ആന്റണി ജോൺ, എൽദോ ഏബ്രഹാം എന്നിവർ ടൗൺഹാളിൽ അന്ത്യോപചാരം അർപ്പിച്ചു.