Latest News

35 വയസുകാരിയായ സ്ത്രീ കഥ പറയാന്‍ വീട്ടില്‍ എത്തി, സ്ഥല പരിചയം ഇല്ലെന്നു പറഞ്ഞപ്പോള്‍ വാഹനം ഏര്‍പ്പാടാക്കി! ഉണ്ണി മുകുന്ദനു നേരിടേണ്ടി വന്നത്

2017-12-17 03:32:37am |

പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് യുവതി നടന്‍ ഉണ്ണി മുകുന്ദനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേര്‍ന്ന് 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് നല്‍കിയ പരാതിയില്‍ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ നടന്‍ ഉണ്ണിമുന്ദനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തിരക്കഥ കേള്‍ക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേര്‍ന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം.

പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പാലക്കാട് സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടന്‍ പൊലീസില്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍പ്പെട്ട തെളിവുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ലന്നും ഇത് കൈവശമുണ്ടെങ്കില്‍ എത്രും പെട്ടന്ന് കൈമാറാന്‍ താരത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇവ കൂടി പരിശോധിച്ച ശേഷമായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുകയെന്നും ചേരാനല്ലൂര്‍ എസ് ഐ സുനുമോന്‍ അറിയിച്ചു.

ഉണ്ണിമുകുന്ദന്റെ പരാതിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്, ഇടപ്പള്ളിയില്‍ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 35 വയസോളം തോന്നിക്കുന്ന സ്ത്രീ എന്നേ കാണാന്‍ വന്നത്. കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വീട് മാറുന്ന തിരക്കിലായതിനാല്‍ ഇപ്പോള്‍ കഥ കേള്‍ക്കാന്‍ സമയമില്ലന്നും തിരക്കഥയുണ്ടെങ്കില്‍ തന്നിട്ടുപോകാനും പറഞ്ഞു.

തിരക്കഥ ആക്കിയിട്ടില്ലെന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാന്‍ തയ്യാറായി. സ്ഥലപരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാഹനം തരപ്പെടുത്തി, പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് ഇവര്‍ ഫോണില്‍ വിളിച്ച് ഭീഷണി തുടങ്ങി. സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ പണം ആവശ്യപ്പെട്ട് വിളിയായി.

ഇതിനും വഴങ്ങില്ലെന്ന് ബോദ്ധ്യമായതോടെ മാനഭംഗ കേസില്‍പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുന്നത്. 25 ലക്ഷം രൂപ നല്‍കിയാല്‍ പ്രശ്‌നം ഒത്തുതീര്‍ക്കാമെന്നായിരുന്നു ഇയാള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളികള്‍ക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും താരം പരാതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്

നടന്‍ നല്‍കിയ പരാതിയില്‍ കൊച്ചി ചേരാനല്ലൂര്‍ പൊലീസാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം ഇത് സംമ്പന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്. പിതാവിന്റെ സ്വദേശം ഈ സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ഉണ്ണിമുകുന്ദന്‍ ഇവിടെ പരാതിനല്‍കാനെത്തിയത്. എന്നാല്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള സംഭവം ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.