Latest News

മമ്മൂട്ടിയെ കുറ്റപ്പെടുത്താനല്ല ഉദ്ദേശിച്ചത്! വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി

2017-12-18 03:23:47am |

ഐഎഫ്എഫ്‌കെ വേദിയില്‍ കസബയെയും നായകന്‍ മമ്മൂട്ടിയേയും വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. മമ്മൂട്ടിയെ താന്‍ ഒരിക്കലും വിമര്‍ശിച്ചിട്ടില്ലെന്നാണ് നടിയുടെ നിലപാട്. മമ്മൂട്ടിയെ കുറ്റപ്പെടുത്താനല്ല ഉദ്ദേശിച്ചത്, അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചതെന്നും നടി പറഞ്ഞു.

ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു നടിയുടെ വിശദീകരണം. 'അവിടെ ഞാന്‍ മമ്മൂട്ടിയെന്ന പ്രത്യേക നടനെ കുറ്റം പറയുകയല്ല ഉദ്ദേശിച്ചത്. പകരം ഒരാള്‍ ഒരു പ്രത്യേക അധികാരത്തിലേയ്ക്ക് എത്തിച്ചേരുകയാണെങ്കില്‍, അതും മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയായി മാറുകയാണെങ്കില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതുണ്ട്.'

'സ്‌പൈഡര്‍മാന്‍ പറയുന്നതു പോലെ നിങ്ങള്‍ക്ക് അതിമാനുഷികത്വമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വവും ഉണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ പുനര്‍ വിചിന്തനം നടത്തണം. ഞാനൊരു ഡയലോഗ് പറയുന്നതിന് മുന്‍പ് 10 തവണയെങ്കിലും ചിന്തിക്കും, സ്‌ക്രീനില്‍ വരുമ്പോള്‍ അതിന് എന്തൊക്കെ അര്‍ത്ഥങ്ങള്‍ വരാമെന്ന്'.

'ചിലപ്പോള്‍ ഞാന്‍ പറയുന്നത് വളരെ പിന്‍വാങ്ങിയുള്ള ഡയലോഗ് ആയിരിക്കും. അപ്പോള്‍ അത് പിന്‍വാങ്ങിയുള്ളതാണെന്ന് കാഴ്ചക്കാരന് മനസിലാകുന്ന ദൃശ്യഭാഷ വേണം. എന്നാല്‍ പിന്‍വാങ്ങിയുള്ള ഡയലോഗിനെ ഇതാണ് ശരിയെന്ന് വരുത്തി തീര്‍ത്താല്‍ നമ്മള്‍ അവിടെ കൊടുക്കുന്ന സന്ദേശം തെറ്റിപ്പോകും' എന്നും പാര്‍വ്വതി പറഞ്ഞു.