Latest News

സ്റ്റാര്‍ സിംഗറിലെ താരപ്പൊലിമയുള്ള ആ പാട്ടുകാരന്‍ ഇന്ന് ദുരിതത്തില്‍; ജീവിക്കാനായി പാട്ടുപാടി കൈനീട്ടുന്നു; ആരുടെയും കണ്ണുനനയിക്കും ഈ ഗായകന്റെ ഇന്നത്തെ അവസ്ഥ

2017-12-24 04:47:46am |

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകനാണ് കായംകുളം ബാബു. സ്റ്റാര്‍ സിംഗറിലൂടെ വന്ന ചിലരെങ്കിലും സിനിമയില്‍ പ്രശസ്തരായെങ്കിലും ബാബുവിന്റെ ജീവിതം ഇന്നും ദുരിതക്കയത്തില്‍ തന്നെ. ജീവിക്കാനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുകയാണ് ഈ ഗായകന്‍. ബാബുവിന്റെ ദുരിതജീവിതത്തിന്റെ കഥ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വന്നത്.

ക്ഷേത്ര പരിസരങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ് ബാബു. ഉത്സവ സീസണുകളില്‍ ബാബുവിന് ഗാനമേള ലഭിക്കുന്നുണ്ട്. അല്ലാത്തപ്പോള്‍ ഭാര്യ സിന്ധുവിനേയും മക്കളായ സായ് പ്രിയ, സായ് ലക്ഷ്മി എന്നിവരെ പോറ്റാന്‍ ബാബു മറ്റുള്ളവര്‍ക്ക് മുന്നില്‍ പാടി കൈനീട്ടണം. ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കരുവാറ്റ വഴിയമ്പലത്തിന് സമീപത്ത് നിന്ന് പാത്തനെന്നയാള്‍ ബാബുവിനെ എടുത്ത് വളര്‍ത്തുകയായിരുന്നു.

സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും സംഗീതം പഠിച്ചത് ബാബുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെ ബാബു ശ്രദ്ധേയനായി. സ്റ്റാര്‍ സിംഗറില്‍ ശ്രദ്ധേയനായതോടെ ഗാനമേളകളും സംഗീത കച്ചേരികളും ലഭിച്ചു തുടങ്ങി. ഇങ്ങനെ ലഭിച്ച വരുമാനം കൊണ്ടാണ് ബാബു കായംകുളത്ത് കെ.പി.എ.സിക്ക് സമീപം സ്ഥലം വാങ്ങി വീട് വച്ചത്. എന്നാല്‍ സ്റ്റാര്‍ സിംഗറിന്റെ താരപ്പൊലിമ കുറഞ്ഞതോടെ ബാബുവിന് ഗാനമേള മാത്രമായി ആശ്രയം. സീസണ്‍ കഴിഞ്ഞാല്‍ അതുമുണ്ടാകില്ല.

കൈയില്‍ പ്ലാസ്റ്റിക് ഡപ്പിയും ചെറിയ പേരക്കമ്പും കൊണ്ടാണ് ബാബു പാടാനെത്തുന്നത്. ഇത് കൊട്ടി താളം പിടിച്ചാണ് പാട്ട്. പാട്ട് തീരുമ്പോഴേക്കും ചുറ്റും നില്‍ക്കുന്ന കാഴ്ചക്കാര്‍ എന്തെങ്കിലും ചില്ലറ തുട്ടുകള്‍ നല്‍കും. അതാണ് ബാബുവിന്റെ ജീവിതമാര്‍ഗം.