Latest News

ഒരു ലക്ഷം ഡിസ‍്‍ലൈക്കുകൾ: പാർവതി-പൃഥ്വി ഗാനത്തിനോട് അപ്രിയം കൂടുന്നു

2018-01-04 02:07:16am |

മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാർവതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‍ലൈക്കുകൾ കൊണ്ടൊരു റെക്കോഡ്. ഇഷ്ടമായില്ല എന്ന അർഥത്തിൽ യുട്യൂബിൽ ഈ പാട്ടിന് പ്രേക്ഷകർ നൽകിയ ഡിസ്‍ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായി. ഒരു മലയാളം ചലച്ചിത്ര ഗാനവും യുട്യൂബിൽ ഇത്രയേറെ ഡിസ്‍ലൈക്കുകൾ വാങ്ങിക്കൂട്ടിയിട്ടില്ല. പതുങ്ങി പതുങ്ങി എന്ന പാട്ടിനാണ് ഈ ദുരവസ്ഥ. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും.

പാട്ടിന്റെ ഗാനരംഗത്തിൽ അഭിനയിച്ച നടി പാർവതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ചു നടത്തിയ പരാമർശങ്ങളാണ് പാട്ടിന് ഡിസ്‍‍ലൈക്കുകളായി എത്തിയതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സമൂഹ മാ‌ധ്യമത്തിൽ ഇതേ സംബന്ധിച്ചുള്ള പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത് അതാണ്. പാട്ടിന്റെ ഓഡിയോയെക്കാളും വിഡിയോയാണ് വിമർശനം നേരിടുന്നത്. അഭിനേതാക്കളുടെ ഡാൻസും ലുക്കുമെല്ലാം വിമർശനങ്ങൾക്ക് വിധേയമാകുകയാണ്. ഇതേ സംബന്ധിച്ച് ഒട്ടേറെ ട്രോളുകളും പുറത്തിറങ്ങി. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് ഷാൻ റഹ്മാനും റോഷ്നി ദിനകറും പ്രതികരിച്ചത്.