Latest News

ഉറക്കം ഉണര്‍ന്നപ്പോള്‍ ചുണ്ടില്‍ കൈവിരല്‍! നടി സനൂഷയെ ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച കന്യാകുമാരി സ്വദേശി റിമാന്‍ഡില്‍

2018-02-02 03:20:46am |

തൃശൂര്‍: ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ യുവനടി സനുഷ കൈയോടെ കുടുക്കി. തുടര്‍ന്നു സ്വര്‍ണപ്പണിക്കാരനായ കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസി(41)നെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പ്രതിയെ തൃശൂര്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ബുധനാഴ്‌ച രാത്രി പന്ത്രണ്ടരയോടെയാണു സംഭവം.

മലപ്പുറം തിരൂരില്‍ നിന്നാണ്‌ ഇയാള്‍ ട്രെയിനില്‍ക്കയറിയത്‌. വടക്കാഞ്ചേരി സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അപമാനിക്കാന്‍ ശ്രമിച്ചത്‌. മാവേലി എക്‌സ്‌പ്രസിലെ എ വണ്‍ കോച്ചിലായിരുന്ന നടി ഉറക്കത്തിലായിരുന്നു. മകളിലെ ബര്‍ത്തിലായിരുന്ന ഇയാള്‍ ചുണ്ടില്‍ സ്‌പര്‍ശിക്കുന്നതറിഞ്ഞ്‌ ഉണര്‍ന്ന നടി പ്രതിയുടെ കൈയില്‍പിടിച്ചു ബഹളംവച്ചു. ലൈറ്റിട്ടിട്ടും സഹയാത്രികര്‍ തിരിഞ്ഞുനോക്കിയില്ലെന്നു നടി പരാതിപ്പെട്ടു.ഒടുവില്‍ തൊട്ടടുത്ത ബര്‍ത്തിലുണ്ടായിരുന്ന തിരക്കഥാകൃത്ത്‌ ആര്‍. ഉണ്ണിയും സുഹൃത്ത്‌ രഞ്‌ജിത്തുമാണു സഹായത്തിനെത്തിയത്‌. തുടര്‍ന്ന്‌ തൃശൂര്‍ റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതോടെ പിടികൂടുകയായിരുന്നു.

ദുരുദ്ദേശ്യത്തോടെയാണ്‌ ആന്റോ ശരീരത്തില്‍ സ്‌പര്‍ശിച്ചതെന്നു സനുഷ പരാതിയില്‍ വ്യക്‌തമാക്കി. ഐ.പി.സി. 354 വകുപ്പ്‌ പ്രകാരം മാനഭംഗശ്രമത്തിനാണു കേസെടുത്തത്‌. ഫെയ്‌സ്‌ബുക്കിലൂടെ പ്രതികരിക്കുന്ന മലയാളികള്‍ കണ്‍മുന്നില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ തിരിഞ്ഞുനോക്കില്ലെന്നു യാത്രതുടര്‍ന്ന സനുഷ പറഞ്ഞു. തനിക്കുണ്ടായ അനുഭവം ഫെയ്‌സ്‌ബുക്കിലൂടെ ഷെയര്‍ ചെയ്‌തിരുന്നെങ്കില്‍ നിരവധിപ്പേര്‍ പിന്തുണ പ്രഖ്യാപിക്കുമായിരുന്നു. പെണ്‍കുട്ടികള്‍ക്കു പ്രശ്‌നമുണ്ടായാല്‍ ഒരാളെങ്കിലും കൂടെയുണ്ടാകുമെന്ന വിശ്വാസം ഇതോടെ തകര്‍ന്നതായും നടി പ്രതികരിച്ചു.