Latest News

മേയറെ അധിക്ഷേപിച്ചു; സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ കേസ്

2017-04-06 03:14:04am |

മേയർ സൗമിനി ജെയിനെ അധിക്ഷേപിച്ചു സംസാരിച്ചെന്ന പരാതിയിൽ സിനിമാ സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവം അന്വേഷിക്കുന്ന സെൻട്രൽ പൊലീസ്, മേയറുടെ മൊഴിയെടുത്തു. സിനിമാ ചിത്രീകരണത്തിനായി കൊച്ചിയിലെ സുഭാഷ് പാർക്ക് വിട്ടുനൽകാത്തതിനെ ചോദ്യംചെയ്താണു സംവിധായകൻ പ്രശ്നം സൃഷ്ടിച്ചതെന്നാണു പരാതി. ശനിയാഴ്ചയായിരുന്നു സംഭവം.

സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണത്തിനെതിരെയുള്ള തന്റെ പുതിയ ചിത്രത്തിനു ലൊക്കേഷനായി സുഭാഷ് പാർക്ക് അനുവദിക്കണമെന്നായിരുന്നു ജൂഡ് ആന്റണി ജോസഫിന്റെ ആവശ്യം. അത് അംഗീകരിക്കാൻ കൗൺസിലിന്റെ പ്രത്യേക അനുമതി വേണമെന്നു പറഞ്ഞ മേയറെ ജൂഡ് ആന്റണി ജോസഫ് അധിക്ഷേപിച്ചു സംസാരിക്കുകയായിരുന്നെന്നാണു പരാതി. ഓഫ‌ിസിലെ ജീവനക്കാരും സന്ദർശകരും നോക്കിനിൽക്കെയായിരുന്നു ഇത്.

സുഭാഷ് പാർ‌ക്കിൽതന്നെ ഷൂട്ടിങ് നടത്തുമെന്നു വെല്ലുവിളിച്ചാണു ജൂഡ് മടങ്ങിയതെന്നു മേയർ പറഞ്ഞു. ശനിയാഴ്ച തന്നെ കമ്മിഷണർക്കു മേയർ പരാതി നൽകി. തുടർന്നു കേസ് സെൻട്രൽ പൊലീസിനു കൈമാറുകയായിരുന്നു. ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണു കേസെടുത്തിരിക്കുന്നതെന്നു സെൻട്രൽ പൊല‌ീസ് അറിയിച്ചു.