Latest News

നിബന്ധനകളില്‍ ഒരു വീട്ടുവീഴ്ചയുമില്ല: മോഹന്‍ലാല്‍ പറഞ്ഞിട്ടു പോലും കേള്‍ക്കാതെ പ്രണവ്

2018-02-27 02:50:20am |

അച്ഛന്‍ മോഹന്‍ലാലിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ പോലും തന്റെ രീതികള്‍ മാറ്റാതെ പ്രണവ് മോഹന്‍ലാല്‍. ആദിയിലൂടെ പ്രണവ് അരങ്ങേറ്റം കുറിച്ചപ്പോള്‍, വെള്ളി വെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ പ്രണവ് സിനിമയിലേയ്ക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് വിചാരിച്ചവരെയൊക്കെ അക്ഷരാര്‍ത്ഥത്തില്‍ പ്രണവ് നിരാശരാക്കി. സിനിമയുടെ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത വഴിയിലേയ്ക്ക് നടന്നകലുകയും ചെയ്തു. ഹിമാലയന്‍ യാത്ര നടത്തുന്ന പ്രണവിന്റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. ആദി ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. ആരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയും പ്രണവ് തന്റെ രീതികള്‍ മാറ്റില്ലെന്ന് ഇതിനകം മനസ്സിലായി കഴിഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞിട്ട് പോലും ഇതിന് മാറ്റം വരുത്താന്‍ തയ്യാറായില്ല.

ആദിയില്‍ അഭിനയിക്കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ക്കും, സംവിധായകന്‍ ജീത്തു ജോസഫിനും മുന്നില്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു. ആദിക്ക് ശേഷം വേറെ സിനിമ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നതായിരുന്നു പ്രധാന നിബന്ധന. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. എന്നാല്‍ പ്രമോഷന് പോകണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.

ആദിയുടെ പ്രതികരണത്തെക്കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ പരിധിക്ക് പുറത്താണ്. റിലീസിങ് സമയത്ത് എല്ലാവരും വലിയ ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷനടിച്ചിട്ടല്ല. മികച്ച പ്രതികരണമാണെന്നറിഞ്ഞപ്പോഴാണ് സമാധനമായതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആദിയുടെ റിലീസിന് മുന്‍പ് തന്നെ നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. എന്നാല്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് നേരത്തേ തന്നെ പ്രണവ് പറഞ്ഞിരുന്നു.