Latest News

പാര്‍വതിക്ക് എതിരില്ല; ഫഹദിന് വില്ലനായതു "മോഷണം" ; അവസാനഘട്ട സീനുകളിലെ ഇന്ദ്രന്‍സിന്റെ പപ്പു പിഷാരടി സമാനതകളില്ലാത്ത പ്രകടനം

2018-03-09 03:22:42am |

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഇന്ദ്രന്‍സ് നേടിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പിന്തള്ളി അവസാനനിമിഷം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ ഫഹദിന്റെ വേഷം കള്ളന്മാരെ പുകഴ്ത്തുകയാണെന്ന അഭിപ്രായം കൂടിയായപ്പോള്‍ ആളൊരുക്കത്തില്‍ 75 വയസുകാരനായ പപ്പു പിഷാരടിയെ അവതരിപ്പിച്ച ഇന്ദ്രന്‍സ് മികച്ച നടനായി. എന്നാല്‍ മികച്ച നടിയായി പാര്‍വതിയെയും സ്വഭാവ നടിയായി പോളി വില്‍സണെയും ജൂറി തെരഞ്ഞെടുത്തത് ഏകകണ്ഠമായി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയമികവിനായിരുന്നു ഫഹദിനെ പരിഗണിച്ചത്. സവാരി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളിലെ വ്യത്യസ്തപ്രകടനത്തിലൂടെ സുരാജ് വെഞ്ഞാറമൂടും ഫഹദിനൊപ്പെം ഇടം പിടിച്ചു. എന്നാല്‍ ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് എല്ലാവരെയേും മറികടന്നു. വി.സി. അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പുറപ്പെട്ടുപോയ മകനെ തേടിയുള്ള ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ യാത്രയാണു പ്രമേയം.

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ആ യാത്ര പൂര്‍ണമാകുമ്പോള്‍ ലഭിക്കുന്നത് മകളായി മാറുന്ന മകനെയാണ്. സിനിമയുടെ അവസാനഘട്ട സീനുകളിലെ ഇന്ദ്രന്‍സിന്റെ അഭിനയം സമാനതകളില്ലാത്തതാണെന്നു ജൂറി വിലയിരുത്തി. ഫഹദിന് പുരസ്‌കാരം നല്‍കണമെന്നു ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ദൃക്‌സാക്ഷിയിലെ ഫഹദിന്റെ വേഷം കള്ളന്‍മാരെ അനുകൂലിക്കുന്നതാണെന്നു മറ്റു ചില അംഗങ്ങള്‍ പറഞ്ഞതോടെ ഇന്ദ്രന്‍സിനെ തെരഞ്ഞെടുക്കാനുള്ള വഴി തെളിയുകയായിരുന്നു.

മികച്ച നടിയ്ക്കു വേണ്ടിയുള്ള മത്സരത്തില്‍ അവസാനഘട്ടത്തില്‍ രണ്ടുപേര്‍ മാത്രമാണുണ്ടായിരുന്നത്. പാര്‍വതിയും (ടേക്ക് ഓഫ്), വിനീതാ കോശിയും(ഒറ്റമുറി വെളിച്ചം). ഒറ്റമുറി വെളിച്ചത്തിലെ അഭിനയത്തിന് വിനീതയ്ക്കു പുരസ്‌കാരം നല്‍കണമെന്നു തുടക്കത്തില്‍ ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടെങ്കിലും ടേക് ഓഫില്‍ ഒരു സ്ത്രീയുടെ വിവിധ കാലഘട്ടങ്ങള്‍ പാര്‍വതി അവതരിപ്പിച്ചത് സൂക്ഷ്മമായ തയാറെടുപ്പോടെ ആണെന്ന വിലയിരുത്തലില്‍ ആണു ജൂറി എത്തിയത്.

പാര്‍വതി മികച്ച നടിയായപ്പോള്‍ വിനീതാ കോശിക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ആദ്യഘട്ട പരിഗണനയില്‍ ഐശ്വര്യാ ലക്ഷ്മി (മായാനദി), മഞ്ജുവാര്യര്‍ (ഉദാഹരണം സുജാത), െമെഥിലി (പാതിരാക്കാലം) എന്നിവരുണ്ടായിരുന്നു. മികച്ച സ്വഭാവ നടന്‍മാരായി അലന്‍സിയറും വിജയ് മേനോനുമാണു പരിഗണനയിലുണ്ടായിരുന്നത്. അലന്‍സിയര്‍ക്കു പുരസ്‌കാരം സമ്മാനിക്കുകയും വിജയ് മേനോനു പ്രത്യേക പുരസ്‌കാരം നല്‍കുകയും ചെയ്തു. സ്വഭാവ നടിയായി അവസാനഘട്ടത്തിലാണു പോളി വില്‍സനെ ജൂറി പരിഗണിച്ചത്. കാര്യമായ എതിരാളികളാരും ഇല്ലാതിരുന്നതും പോളിക്കു തുണയായി.