Latest News

കാര്‍ത്തികിന് പിന്തുണയുമായി നായകന്‍ അരവിന്ദ് സ്വാമിയും ! മാപ്പു പറഞ്ഞ് ഗൗതം മേനോന്‍

2018-03-30 03:20:59am |

ധ്രുവങ്ങള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനായ കാര്‍ത്തിക് നരേന്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ തമിഴ് സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരുന്നു. കാര്‍ത്തിക് നരേന്റെ പുതിയ ചിത്രം നരകാസുരന്റെ നിര്‍മ്മാണം ഗൗതം മേനോനായിരുന്നു, എന്നാല്‍ ചിത്രത്തിനായി പണം മുടക്കാതെ തന്നെ വഞ്ചിച്ചെന്ന കാര്‍ത്തികിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തികും ഗൗതവും തമ്മില്‍ ഏറ്റുമുട്ടലിനായി കാരണമായി. ഇതേതുടര്‍ന്ന് കാര്‍ത്തികിന് പിന്തുണയുമായി നായകന്‍ അരവിന്ദ് സ്വാമിയും രംഗത്തെത്തി. ഇതോടെ മാപ്പു പറഞ്ഞിരിക്കുകയാണ് ഗൗതം മേനോന്‍.

'നരകാസുരന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതിനിടെ ഡയറക്ടര്‍ കാര്‍ത്തിക് നരേന്റെ ട്വീറ്റ് എന്നെ അസ്വസ്ഥനാക്കി. പിന്നാലെ മാധ്യമങ്ങളുടെയും സിനിമാക്കാരുടെയും വിളികളായിരുന്നു. അനാവശ്യമായി പലതും പറഞ്ഞുണ്ടാക്കി. അതാണ് ഞാന്‍ മറുപടി ട്വീറ്റ് നല്‍കിയത്. അതെന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു. സോറി കാര്‍ത്തിക്. ചിത്രം നല്ല രീതിയില്‍ മൂന്നോട്ട് പോകുമെന്നും കൃത്യ സമയത്ത് റിലീസ് ചെയ്യുമെന്നും ബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഉറപ്പു നല്‍കുന്നു' ഗൗതം പറഞ്ഞു.

'ചില സമയത്ത് അസ്ഥാനത്തെ വിശ്വാസം നിങ്ങളെ കൊല്ലും. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ നിങ്ങള്‍ പലതവണ ചിന്തിക്കണം. ചെയ്യാത്ത കുറ്റത്തിന് നമ്മുടെ സ്വപ്നങ്ങള്‍ കൊലചെയ്യപ്പെടുന്നതാണ് അവസാനം കാണേണ്ടി വരുന്നത്' കാര്‍ത്തിക് ട്വീറ്റ് ചെയ്തു. ഇതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. പിന്നാലെ മറുപടിയുമായി ഗൗതം മേനോനുമെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഒരുകൂട്ടം ചെറുപ്പക്കാരിറക്കിയ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു മറുപടി. 'ഒരു കൂട്ട്‌കെട്ട് ഉണ്ടാക്കിയെടുക്കുന്നതിന് പകരം ചില യുവസംവിധായകര്‍ തന്റെ സ്വപ്നങ്ങള്‍ കശാപ്പ് ചെയ്യപ്പെട്ടെന്ന് പരിതപിക്കുകയാണ്, പക്ഷേ ഇതാ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിലുള്ള വീഡിയോ' എന്ന് ഗൗതം കുറിച്ചു.

ഇതോടെ കാര്യങ്ങള്‍ക്ക് കുറച്ചു കൂടി വ്യക്തതയുള്ള മറുപടി കാര്‍ത്തിക് നല്‍കി. 'നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും ഞാന്‍ നിങ്ങളെ വിശ്വസിച്ചു, ഒപ്പം ജോലി ചെയ്തു. പക്ഷേ തിരികെ കിട്ടിയത് നിഷേധവും അവഗണനയും മാത്രം. പേടിച്ചോടുന്നതിലും നല്ലത് വേദന തുറന്നു പറയുന്നതാണ് നല്ലതെന്ന് തോന്നി. ഇനി ഇങ്ങനെ ആരോടും ചെയ്യരുത് സാര്‍, അത് വളരേയെറെ വേദനിപ്പിക്കുന്നതാണ്' കാര്‍ത്തിക് പറഞ്ഞു.

ഗൗതം മേനോന്‍ സിനിമയ്ക്കായ് ഒന്നും നല്‍കാത്തതോടെ കാര്‍ത്തികും ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് പണം മുടക്കുന്നത്. അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍ തുടങ്ങിയ താരങ്ങളുടെ പ്രതിഫലം ഇനിയും നല്‍കാനും ഗൗതം തയ്യാറായിട്ടില്ല. പക്ഷേ നല്ല മനുഷ്യനായതു കൊണ്ട് അരിവിന്ദ് സാര്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ തയ്യാറായെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.