Latest News

ചോദിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ ധൈര്യമില്ലാത്തതു കൊണ്ട് ചോദിച്ചില്

2017-04-11 02:54:44am |

എം ടി യുടെ എല്ലാ ചരിത്രകഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയതു മമ്മൂട്ടിയായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ കേരള വര്‍മ്മ പഴശ്ശിരാജയും അതില്‍ പെടും. എന്നാല്‍ എംടിയുടെ രണ്ടാംമൂഴം സിനിമയാകുമ്പോള്‍ ഭീമനായി എത്തുന്നതു മോഹന്‍ലാലാണ്. മമ്മൂട്ടിക്കു വേണ്ടി തിരക്കഥകള്‍ എഴുതുമ്പോള്‍ നായക കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കാമായിരുന്നു എന്ന് എം ടി പറഞ്ഞിട്ടുണ്ട്. രണ്ടാംമൂഴത്തെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും മമ്മൂട്ടി പറയുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പല അവസരങ്ങളിലും എന്നോട് ഒരുപാട് വാല്‍സല്യവും സ്‌നേഹവും കാട്ടിയ കഥാകാരനാണ് അദ്ദേഹം. കഥാപാത്രങ്ങളിലൂടെ ഞാനെന്ന നടനാണോ അതോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്ന് എനിക്കറിയില്ല. പല അവസരങ്ങളിലും അദ്ദേഹം എന്നെപ്പറ്റി പറയുമ്പോള്‍ വാചാലനാകാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുമ്പോള്‍, സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ എന്റെ ചെവിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന്. അതൊക്കെ ഒരു നടനെന്ന നിലയില്‍ എനിക്ക് വലിയ അഭിമാനം തോന്നുന്ന കാര്യങ്ങളാണ്. എംടിയെപ്പോലെ ലബ്ധപ്രതിഷ്ഠനായ ഒരു സാഹിത്യകാരന് എന്നെപ്പോലെ ഒരു സാധാരണ സിനിമാനടന്റെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നുവെന്ന് തോന്നുന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ വലിയ നേട്ടം തന്നെയാണ്. "ഒരിക്കല്‍ ഞാന്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ചോദിക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോഴെന്ന്. പക്ഷേ അങ്ങനെ സംസാരിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല’’.

“പക്ഷേ ഭീമം എന്ന പേരില്‍ ആ പുസ്തകത്തിന്റെ (രണ്ടാമൂഴം) ഒരു ദൃശ്യാവിഷ്‌കാരമുണ്ടായപ്പോള്‍ ഭീമനായി രംഗത്തുവന്നത് ഞാനാണ്. ഒരു പൂര്‍ണ നാടകമോ കഥാവിഷ്‌കാരമോ ആയിരുന്നില്ല അത്. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിറ്റോളം വരുന്ന ഒരു ദൃശ്യാവിഷ്‌കാരം. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അതുകഴിഞ്ഞ് സ്‌റ്റേജില്‍ കയറി അദ്ദേഹം ഇതിനെക്കുറിച്ചൊക്കെ സംസാരിച്ചതിന് ശേഷം ഇറങ്ങിപ്പോകുമ്പോള്‍ എന്റെ തലയില്‍ കൈവെച്ച് പറഞ്ഞു ‘വിജയിച്ച് വരിക’.. ഞാനിപ്പോഴും അതിനാണ് ശ്രമിക്കുന്നത്. ഇനി അദ്ദേഹത്തിന്റെ ആ അനുഗ്രഹം എനിക്ക് വിജയങ്ങളുണ്ടാക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. അതിനായി കഠിനശ്രമം നടത്തുന്നു..”

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനേ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന രണ്ടാംമൂഴത്തിന്റെ തിരക്കഥ എം ടി ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലിഷ്, തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ശിവ് രാജ് കുമാര്‍, വിക്രം., പ്രഭൂ, ഐശ്വര്യറായ്, മഞ്ജുവാര്യര്‍. തുടങ്ങിയവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്റെ കാര്യത്തില്‍ മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്. 600 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കാനാലോചിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം നടക്കും.