Latest News

ലേലത്തില്‍ തഴഞ്ഞവര്‍ ഗെയ്‌ലാറാട്ടത്തില്‍ കണ്ണുതള്ളി: ഭാര്യയേയും മകളേയും സാക്ഷിയാക്കിയ ആദ്യ സെഞ്ചുറി മകള്‍ക്ക് സമര്‍പ്പിച്ചു, ബാറ്റിങ് കരുത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഗെയ്ല്‍

2018-04-20 03:26:38am |

പതിനൊന്നാം സീസണില്‍ ഇത്രയ്ക്കും തഴയപ്പെട്ട ഒരു താരമുണ്ടായിരുന്നില്ല. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വീന്‍ഡീസ് താരമായ ക്രിസ് ഗെയ്‌ലിനെ ബാംഗ്ലൂര്‍ ടീം കൈവിട്ടിരുന്നു. പിന്നാലെ സ്ഥിരത ഇല്ലാത്ത ബാറ്റ്‌സ്മാന്‍ എന്ന പഴികേള്‍പ്പിക്കുന്ന ഗെയ്‌ലിനു വേണ്ടി ആരുമെത്തിയില്ല.അതോടെ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് ലേലത്തിന്റെ അവസാന ദിവസം പഞ്ചാബ് കിങ്‌സ് എടുക്കുകയായിരുന്നു.

ഏവരും തഴയപ്പെട്ട താരം മറുപടി നല്‍കിയതും ബാറ്റിലൂടെയാണ്. ഹൈദരാബാദിനെതിരെ സെഞ്ചുറി തികച്ചപ്പോള്‍ ബാറ്റ് കൈയിലിട്ട് താലോലിച്ചായിരുന്നു ഗെയ്‌ലിന്റെ ആഘോഷം. വി.ഐ.പി ഗാലറിയില്‍ ഭാര്യ നടാഷ ബെറിഡ്ജിന്റെ കൈകളിലിരുന്ന മകള്‍ ബ്ലഷിനായിരുന്നു ആ മിന്നും സെഞ്ചുറി ഗെയ്ല്‍ സമര്‍പ്പിച്ചത്.

വെള്ളിയാഴ്ച രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ക്കായി ഈ സെഞ്ചുറി സമര്‍പ്പിക്കുന്നുവെന്ന് ഗെയ്ല്‍ മത്സരശേഷം വ്യക്തമാക്കി. അതേസമയം തന്റെ തിരിച്ചുവരവിന്റെ രഹസ്യം വെളിപ്പെടുത്താനും താരം മറന്നില്ല. തിരിച്ചുവരവിന്റെ എല്ലാ ക്രെഡിറ്റും നല്‍കുന്നത് ടീം മെന്ററായ വീരേന്ദ്രര്‍ സെവാഗിനാണ്. സെവാഗ് ഉപദേശിച്ച യോഗയും മസാജുമാണ് തന്റെ മിന്നും സെഞ്ചുറിക്കും, തിരിച്ചുവരവിനും പിന്നിലെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

IPL 2018, Chris Gayle

തനിക്ക് വയസായതിനാല്‍ പഴയ ഫോമില്‍ കളിക്കാനാകില്ലെന്ന വിമര്‍ശകരുടെ വായാണ് ഒരിക്കല്‍ കൂടി ഗെയ്ല്‍ അടപ്പിച്ചത്. ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചായിരുന്നു ഇത്. അത് താന്‍ ഉപയോഗിച്ചുവെന്നും താരം പറഞ്ഞു. പഞ്ചാബിനൊപ്പം ചേര്‍ന്നപ്പോള്‍ യോഗയിലും മസാജിലും ശ്രദ്ധിക്കാന്‍ സെവാഗാണ് പറഞ്ഞത്. അതാണ് ഈ സെഞ്ചുറിക്കു പിന്നിലെ രഹസ്യം.

മുപ്പത്തിയെട്ടുകാരനായ താരം 63 പന്തില്‍ 11 സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 104 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. റാഷിദ് ഖാന്‍ എറിഞ്ഞ 14-ാം ഓവറില്‍ നാലു സിക്‌സ് പറത്തിയും ഗാലറിയെ ഗെയ്ല്‍ ആവേശത്തിലാഴത്തി.