Latest News

നൂറിലേറെ താരങ്ങളെ അണിനിരത്തി ‘അമ്മ മഴവില്ല്’ മെഗാഷോ ആറിന്! അഞ്ചു മണിക്കൂറിലേറെ നീളുന്ന ഷോ ഒരുക്കുന്നത്‌ സംവിധായകൻ സിദ്ദീഖ്

2018-05-01 01:56:38am |

തിരുവനന്തപുരം∙ മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ ആറിനു സംഘടിപ്പിക്കുന്ന ‘അമ്മ മഴവില്ല്’ മെഗാഷോയിൽ മലയാളത്തിലെ നൂറിലേറെ ചലച്ചിത്രതാരങ്ങൾ അണിനിരക്കുമെന്നു സംഘടനയുടെ പ്രസിഡന്റ് ഇന്നസന്റ് എംപി.

അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്നു വൈകിട്ട് അഞ്ചരയ്ക്കാണു തുടങ്ങുക. ഷോയുടെ റിഹേഴ്സൽ ക്യാംപ് കഴിഞ്ഞ ദിവസം കൊച്ചിയിൽ തുടങ്ങി. ഇതു വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തേക്കു മാറും. തുടർന്നു സ്റ്റേജ് റിഹേഴ്സൽ ഉൾപ്പെടെ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.

പഴയകാല ചലച്ചിത്ര പ്രവർത്തകരായ 15 പേരെ ഷോയുടെ തുടക്കത്തിൽ നടൻ മധുവിന്റെ നേതൃത്വത്തിൽ ആദരിക്കും. ഇവർക്കു മലബാർ ഗോൾ‌ഡും മഴവിൽ മനോരമയും ചേർന്നു സ്വർണ നാണയങ്ങൾ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണു ഷോ ഒരുക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയങ്ങൾ ഇതിലുണ്ടാകും. പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ധരെയാണു കൊണ്ടുവരുന്നതെന്നും ഇന്നസന്റ് അറിയിച്ചു.

പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും. 25,000 പേർക്കു കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നു മഴവിൽ മനോരമ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പി.ആർ.സതീഷ് അറിയിച്ചു. 

ക്ഷണക്കത്തിലൂടെയും മാൾ ഓഫ് ട്രാവൻകൂർ വഴി വിതരണം ചെയ്യുന്ന പാസിലൂടെയുമായിരിക്കും പ്രവേശനമെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അതീവ രസകരമായാണ് അഞ്ചു മണിക്കൂറിലേറെ നീളുന്ന ഷോ ഒരുക്കുന്നതെന്നു സംവിധായകൻ സിദ്ദീഖ് പറഞ്ഞു. 24 നൃത്തങ്ങൾ, ഹാസ്യനാടകങ്ങൾ, പാട്ടുകൾ തുടങ്ങിയവയെല്ലാമുണ്ട്. 

അമ്മ മഴവില്ലിന്റെ അണിയറയിലുള്ളവർ– സംവിധാനം: സിദ്ദീഖ്, സ്കിറ്റ് ഇൻ ചാർജ്: റാഫി, സംഗീതം: ദീപക് ദേവ്, ഓർക്കസ്ട്ര: തേജ് ബാൻഡ്, കൊറിയോഗ്രഫി: നീരവ് മുംബൈ, റമാഷ്-റാക്ക് ഡാൻസ് കമ്പനി ചെന്നൈ, പ്രസന്ന മാസ്റ്റർ, കോസ്റ്റ്യും: എസ്.ബി.സതീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കല: ജോസഫ് നെല്ലിക്കൽ, സ്റ്റേജ് ഡിസൈൻ: വർഷ മുംബൈ, സാങ്കേതിക സഹായം: ശബരീഷ് - 98.6 ഇൻഫ്രാസ്ട്രക്ചർ, പ്രൊജക്ട്  കൺട്രോളർ: ഡിക്സൺ പോടുത്താസ്, ഈവന്റ് മാനേജർ ആൻഡ് കോഓർഡിനേഷൻ: ഇടവേള ബാബു.