Latest News

ഇത് അനീതിയാണ്, ലിജോ നിങ്ങള്‍ ചെയ്യുന്നത് ക്രൂരതയാണ്, നിങ്ങളോട് എനിക്ക് ലജ്ജ തോന്നുന്നു: ഈ.മ.യൗ 2015 ഇറങ്ങിയ ശവത്തിന്റെ പകര്‍പ്പ്, ആരോപണവുമായി നിരവധി പേര്‍

2018-05-06 03:55:54am |

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത ഈ.മ.യൗ മികച്ച പ്രതികരണം നേടി മുന്നോറിക്കോണ്ടിരിക്കുകയാണ്. എന്നാല്‍ ഈ.മ.യൗ 2015 പുറത്തിറങ്ങിയ ശവത്തിന്റെ പകര്‍പ്പാണ് എന്ന ആരോപണം ഉയരുന്നു. ശവം സംവിധായകന്‍ ഡോണ്‍ പാലത്തറ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ചര്‍ച്ചയാകുകയായണ്. ലിജോ ജോസ് പെല്ലിശേരി ചെയ്തത് ക്രൂരതയാണ് എന്നു സംവിധായകനും എഴുത്തുകാരനുമായ സതീഷ് ബാബുവും പറയുന്നുണ്ട്. ശവവും ഈ.മ.യൗ തമ്മില്‍ ഉള്ള വ്യത്യാസം മലയോരും കടലോരവും ബ്ലാക്ക് ആന്റ് വൈറ്റും കളറും തമ്മിലുള്ള വ്യത്യാസമാണ് എന്നും അല്ലാതെ കടലും കടലാടിയും തമ്മിലുള്ള അന്തരം ഇല്ല എന്നും സതീഷ് ബാബു പറയുന്നു.

ശവം സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ കുറിപ്പ് ഇങ്ങനെ

ശവവുമായി സാമ്യം ഉണ്ടെന്ന് ട്രെയ്‌ലറുകൾ കഴിഞ്ഞ വര്ഷം ഒടുവിൽ വന്നപ്പോൾ മുതലേ പലരും സൂചിപ്പിച്ചതിനാൽ റിലീസ് ദിവസം തന്നെ ഈ.മാ.യൗ പോയി കണ്ടു. ഒരു മരണ വീട് തന്നെ പശ്ചാത്തലം, കാണിക്കുന്നത് ഒരു രാത്രിയും പകലും തന്നെ. ശവത്തിൽ ഒരു കേന്ദ്ര കഥാപാത്രമോ ഒരു overarching കഥയോ ഒഴിവാക്കിയിരുന്നത് ഈമായൗവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശവത്തിൽ ചിക്കൻ കറി കന്യാസ്ത്രീയ്ക്ക് എടുത്ത് കൊടുത്തേക്കാൻ അമ്മച്ചി പറയുന്നെങ്കിൽ ഈമായൗവിൽ താറാവ് കറി കറുത്ത-മോളിക്ക് കൊടുത്തേക്കാൻ മകൻ പറയുന്നു.

ശവത്തിൽ പത്രക്കാരനോട് നേരിട്ട് വാർത്തയുടെയും ഫോട്ടോയുടെയും കാര്യം പറയുന്നെങ്കിൽ ഈമായൗവിൽ അതൊക്കെ ഫോണിൽ കൂടി പറയുന്നു. ശവത്തിൽ മരിച്ചയാളുടെ കാമുകി വരുന്നു, അത് ആളുകൾ വലിയ വിഷയമാക്കുന്നില്ല. ഈമായൗവിൽ മരിച്ചയാളുടെ കാമുകിയും മകനും വരുന്നു, അതൊരു പ്ലോട്ട്പോയിന്റ് ആകുന്നു. ശവത്തിൽ ഒരു പട്ടിയുണ്ട്, ഈമായൗവിൽ ഒരു പട്ടിയും താറാവും ഉണ്ട്. ശവത്തിൽ മലയോരഗ്രാമവും സുറിയാനി ക്രിസ്ത്യൻസും ആണ്, ഈമായൗവിൽ ലാറ്റിൻ ക്രിസ്ത്യൻസും തീരദേശവുമാണ്. ശവത്തിൽ Cinéma vérité ശൈലി ആണ് സ്വീകരിച്ചിരിക്കുന്നത് ഈമായൗവിൽ മാജിക്കൽ റിയലിസമൊക്കെ ഉണ്ട്. ഇക്കാര്യങ്ങളാൽ തന്നെ ഈമായൗ ശവമല്ല.

സതീഷ് ബാബുവിന്റെ കുറിപ്പ്

Lijo Jose Pellissery യുടെ #ഈ_മ_യൗ കണ്ടു .ചില നിരീക്ഷണങ്ങൾ

ലിജോ ... താങ്കൾ ചെയ്തത് ഒരു ക്രൂരതയാണ് .

പി.എഫ് മാത്യൂസ് ..താങ്കളോടെനിക്ക് ലജ്ജ തോന്നുന്നു .. !

ലിജോ എന്ന സംവിധായകനെ ഒരുപാടിഷ്ടപ്പെടാൻ കാരണമായത് " ആമേൻ" ആയിരുന്നു . പി.എസ് റഫീഖിന്റെ തിരക്കഥയിൽ നല്ല അസ്സൽ മാജിക്കൽ റിയലിസം പകരം വെക്കാനാകാത്ത വിധം പകർത്തിയ താങ്കളിലെ പ്രതിഭയെ എനിക്ക് വളരെയേറെ ഇഷ്ടവുമാണ് .മാത്രവുമല്ല ,പ്രേക്ഷകർക്കിഷ്ടപെടുന്ന ചിത്രങ്ങൾ ചെയ്യുക എന്നതിന് പകരം താനിഷ്ടപ്പെടുന്ന തരം ചിത്രങ്ങളെ പ്രേക്ഷകരെ കൊണ്ട് അംഗീകരിപ്പിക്കുക എന്ന താങ്കളുടെ നയത്തേയും ഞാൻ ബഹുമാനിക്കുന്നു .. സ്നേഹിക്കുന്നു

പി.എഫ് മാത്യുസെന്ന കഥാകൃത്തിനേയും തിരക്കഥാകാരനേയും എനിക്ക് ഇതിനേക്കാളപ്പുറം ഇഷ്ടമാണ് .

ഇതൊക്കെ പറയുമ്പോഴും ഈമയൗ എന്ന ചിത്രം രണ്ട് പേരിലുമുള്ള ഭാവനാസമ്പന്നതക്കു പകരം ഭാവനാ ദാരിദ്യമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തുറന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. അത് പറഞ്ഞില്ലെങ്കിൽ മറ്റൊരു കലാകാരനോട് ചെയ്യുന്ന അനീതിയായ് പോവും

ഡോൺ പാലത്തറ 2015ൽ ചെയ്ത #ശവം എന്ന ചിത്രവുമായ് #ഈമയൗ വിനുള്ള സാമ്യം ഒരു മലയോരവും കടലോരവും Black &white ഉം കളറും തമ്മിലുള്ള അന്തരം മാത്രമാണ് .അല്ലാതെ കടലും കടലാടിയും തമ്മിലുള്ള അന്തരമല്ല ..!
സമ്മതിക്കുന്നു .ഒരു കഥയുണ്ട് ,കഥാപാത്രങ്ങൾക്കെല്ലാം പേരുമുണ്ട് .ശവത്തിൽ ഇതൊന്നുമില്ല താനും.കഴിഞ്ഞ ജനുവരിയിൽ ആ ചിത്രത്തെ കുറിച്ച് ഞാനെഴുതിയ ചെറിയൊരു കുറിപ്പിന്റെ ലിങ്കിതാ:

https://m.facebook.com/story.php?story_fbid=1605379192893946&id=100002656427236
അത് വായിച്ചിട്ട് നിങ്ങളൊന്നു ഈമയൗ കണ്ടാൽ എന്റെയീ പോസ്റ്റിന്റെ ഉദ്ദേശ്യം മനസ്സിലാവും ..

ഏത് കലാകാരനും മറ്റൊരു കലാകാരന്റെ ചിന്താപദ്ധതികളുമായ് സാമ്യമുണ്ടാവുക സ്വാഭാവികമാണ് എന്നതൊരു സാദ്ധ്യതയായതിനാൽ കഥ നമുക്ക് മാറ്റിവെക്കാം .

എന്നാൽ അവതരണ രീതിയോ ..?
അത് അതേ പോലെ മറ്റൊന്നിന്റെ സാദൃശ്യമുള്ള ഒരു ചിത്രത്തിന്റെതാകുമ്പോൾ ചുരുങ്ങിയ പക്ഷം ചെറിയ മാറ്റങ്ങളെങ്കിലും വരുത്തേണ്ടതല്ലേ ..?
ഒക്കെ പോട്ടെ ,ക്യാമറയുടെ ചലനങ്ങളും സഞ്ചാരവും പോലും ശവത്തിന്റെ അതേ രീതിയിൽ .ഷൈജു ഖാലിദിനെ ഞാനെവിടെയും കണ്ടിട്ടില്ല, പ്രതാപ് ജോസഫി (ശവത്തിന്റെ ക്യാമറാമാൻ ) നെയല്ലാതെ.!

ഞാനറിഞ്ഞിടത്തോളം പി എഫ് മാത്യൂസ് ശവം കാണുകയും അതേപ്പറ്റി കുറിപ്പെഴുതുകയും ചെയ്തിട്ടുണ്ട് മുമ്പ് . എന്നിട്ട് പോലും ഏതാണ്ട് സമാനമായ ഒരു ചിത്രo ഉണ്ടാക്കിയിട്ട് അതിന് മേൽ Concept and Script എന്ന് പേരെഴുതിവെക്കാൻ എങ്ങനെ തോന്നുന്നു ..? " ശവം " കണ്ട ഞങ്ങൾ നാലഞ്ചു പേർ ഇന്നാ ചിത്രവും പരാമർശവിധേയമായ ചിത്രവും കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു പോയത് കൊണ്ടാണ് ഇത്രയും പറയുന്നത് ..
ഇത് അനീതിയാണ്

നിങ്ങൾ ഡോൺ പാലത്തറയോട് നന്ദിയോ കടപ്പാടോ ഒന്നും കാണിച്ചില്ലെങ്കിലും ഒരു ഹായ് എങ്കിലും പറയുക .കടം വാങ്ങിയും പിരിവെടുത്തും വയർ മുറുക്കിയും വിയർപ്പൊഴുക്കി സിനിമ പടച്ചുണ്ടാക്കുന്ന അദ്ദേഹത്തെ പോലുള്ള കലാകാരൻമാർക്ക് ആ 'വിഷ്' പോലും ഒരു ഊർജ്ജ മോ പ്രചോദനമോ ആയേക്കും .

തന്റെ സിനിമയിൽ നിന്ന് പ്രചോദനമുൾകൊണ്ട് മറ്റൊരു കൊമേഴ്സ്യൽ സിനിമയുണ്ടായതിൽ അദ്ദേഹത്തെ പോലെയുള്ള പരീക്ഷണ- സ്വതന്ത്ര സിനിമാ സംവിധായകർക്ക് അഭിമാനിക്കാനും വഴിയുണ്ട് .
പക്ഷേ നിങ്ങളുടെ ഷർട് ഞാനെടുത്തണിഞ്ഞിട്ട് ഗമയിൽ ,ഇത് തയ്ച്ചത് ഞാൻ തന്നെയാണെന്ന് മറ്റാരോട് പറഞ്ഞാലുo നിങ്ങളോട് പറയാതിരിക്കാനുള്ള സൗമനസ്യമെങ്കിലും ( അല്ലാതെ മാന്യതയല്ല ) ഞാൻ കാണിക്കണം ..!

NB : ഈമയൗ മികച്ച ഒരനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .തീർച്ചയായും കാശു മുടക്കി കാണാവുന്ന ചിത്രo

(എന്നാലും എന്റെ ലിജോ .. മാത്യൂസ് ...! )