Latest News

താര മഴവില്ലു വിരിഞ്ഞു; നഗരത്തിന് ആഘോഷ രാവ്! അത്ഭുതം കാത്തുവച്ച് ആ തമിഴ് താരവും വിരുന്നുകാരനായി

2018-05-07 01:49:37am |

അഴകിന്റെ മഴവില്ലു തെളിഞ്ഞ വേദിയിൽ മലയാള ചലച്ചിത്രലോകം താരപ്രഭയോടെ അണിനിരന്നു; ‘അമ്മ മഴവില്ല്’ മെഗാഷോ ഉജ്വലമായി. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി താരങ്ങൾ തമാശപ്പൂരങ്ങളും പാട്ടും നൃത്തവുമൊക്കെയായി വേദിയിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി. കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് ഓരോ താരത്തെയും വരവേറ്റത്. അർധരാത്രിയിൽ ഷോയ്ക്ക് അവസാനമായപ്പോഴും ആവേശം ചോരാതെ ആരാധകർ താരങ്ങൾക്കായി ജയ് വിളി മുഴക്കി. ‘സർപ്രൈസ്’ ഒരുക്കി തമിഴ് സൂപ്പർതാരം സൂര്യയും ദൃശ്യവിരുന്നിന് എത്തി. 

ആകാശത്തെ താരകങ്ങളാകെ മേഘപാളികൾക്കു പിന്നിലൊളിച്ചപ്പോൾ മലയാള സിനിമയിലെ താരങ്ങൾ എല്ലാം ഒന്നിച്ചു മണ്ണിലിറങ്ങി കലയുടെ പൂരത്തിനു വർണക്കൂട്ടിട്ടു. തിരുവനന്തപുരത്തിനു മറക്കാനാകാത്ത രാത്രിയായി ഇന്നലെ. മലയാള സിനിമയിലെ താരസംഘടന അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി സഹകരിച്ചു സംഘടിപ്പിച്ച അമ്മമഴവില്ല് താരോത്സവത്തിനു സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണു കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്.

മലയാള സിനിമയിലെ മുതിർന്ന താരങ്ങളെ ആദരിക്കുന്ന ചടങ്ങോടെയാണു താരോത്സവത്തിനു തുടക്കമായത്. പുതുമുഖ താരങ്ങളാണു മുതിർന്ന താരങ്ങളെ ആദരിച്ചത്. തുടർന്നു മൺമറഞ്ഞുപോയ താരങ്ങളുടെ സ്മരണ പുതുക്കിയാണ് അമ്മ മഴവില്ലിനു തുടക്കമായത്. മമ്മൂട്ടിയും മോഹൻലാലുംതൊട്ടു ബാലതാരങ്ങൾ വരെ പാട്ടും നൃത്തവും ചിരിമേളവുമായി വേദി പൊലിപ്പിച്ചു. ആഘോഷത്തിനു മാറ്റുകൂട്ടി തമിഴ് സിനിമയിൽനിന്നു സൂര്യയും എത്തി. വൈകിട്ട് ഏഴിനു തുടങ്ങിയ താരോത്സവം അർധരാത്രി വരെ നീണ്ടു. ഇടയ്ക്കു മഴ എത്തിയെങ്കിലും ആരാധകരുടെ ആവേശം ഇരട്ടിച്ചതേയുള്ളൂ.

amma-show തിരുവനന്തപുരത്ത് അമ്മമഴവില്ല് താരോത്സവത്തിൽ മോഹൻലാലും ദുൽഖർ സൽമാനും ചേർന്ന് അവതരിപ്പിച്ച സ്കിറ്റിൽ നിന്ന്. സാജു നവോദയ, അജീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നിവർ സമീപം.

വൈകിട്ട് ആറിനുള്ള പരിപാടിയിലേക്ക് ഉച്ച മുതൽതന്നെ ജനം ഒഴുകി. ഏഴോടെ താരോത്സവത്തിനു തുടക്കമായി. ആദ്യം മലയാള സിനിമയിലെ മുതിർന്ന താരങ്ങളെ ആദരിക്കുന്ന ചടങ്ങായിരുന്നു. മധു, ജി.കെ.പിള്ള, ജനാർദനൻ, കെ.ആർ.വിജയരാഘവൻ, ബാലചന്ദ്രമേനോൻ, കെപിഎസി ലളിത, പൂജപ്പുര രവി, ടി.പി.മാധവൻ, ശ്രീലത നമ്പൂതിരി തുടങ്ങിയവരെയാണ് ആദരിച്ചത്. ജഗതി ശ്രീകുമാർ, ഷീല, കവിയൂർ പൊന്നമ്മ, ജയഭാരതി തുടങ്ങിയവർക്കു ചടങ്ങിനെത്താനായില്ലെങ്കിലും ആദരമർപ്പിച്ചു. 

കാളിദാസ്, ഷഹീൻ, സിനിൽ, മാളവിക, ഷെറിൻ, നിരഞ്ജൻ, ബാലു, അർജുൻ, നിമിഷ, രേഷ്മ തുടങ്ങിയ പുതുനിര താരങ്ങളാണു ഗുരുവന്ദനം അർപ്പിച്ചത്. മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററും എംഎം ടിവി ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, അമ്മ അധ്യക്ഷൻ ഇന്നസന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പിന്നാലെ നസീർ, സത്യൻ തുടങ്ങി മലയാളത്തിലെ മൺമറഞ്ഞു പോയ താരങ്ങളുടെ സ്മരണ പുതുക്കി.

amma-show3 തിരുവനന്തപുരത്ത് അമ്മമഴവില്ല് താരോത്സവത്തിൽ മോഹൻലാലും ഹണി റോസും സംഘവും അവതരിപ്പിച്ച നൃത്തം

ഇതിനു പിന്നാലെ മെഗാഷോ കൊണ്ടു ലക്ഷ്യമിടുന്ന കാര്യങ്ങൾ വിവരിക്കാനായി അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടിയും അധ്യക്ഷൻ ഇന്നസന്റും വേദിയിൽ എത്തി. ‘മലയാള സിനിമയിലെ കലാകാരന്മാരെ സഹായിക്കാൻ വേണ്ടിയാണു ഷോ സംഘടിപ്പിക്കുന്നത്. ചലച്ചിത്രലോകത്തെ ഒരു വലിയ കൂട്ടായ്മയാണ് ഇതിനു പിന്നിൽ’– മമ്മൂട്ടി പറഞ്ഞു. തുടർന്നു സ്വാഗതഗാനത്തോടെ നൃത്ത വിരുന്ന് അരങ്ങേറി. കരിമരുന്നു പ്രകടനവും വേദിയോടു ചേർന്ന് ഒരുക്കിയിരുന്നു.