എന്തുകൊണ്ട് സല്‍മാന്‍ ഖാനെ മോശം നടനാക്കി കാണിക്കുന്നു?: ഒടുവില്‍ മറുപടിയുമായി ഗൂഗിള്‍ തന്നെ എത്തി

2018-06-21 02:46:13am |

ആരാധകരെ ഞെട്ടിച്ച് കഴിഞ്ഞ ദിവസമാണ് ഏറ്റവും മോശം നടനെന്ന് ഗൂഗിള്‍ സല്‍മാന്‍ ഖാനെ പ്രഖ്യാപിച്ചത്. ഏറ്റവും മോശം നടനെന്ന് തിരയുന്നവര്‍ക്ക് ലഭിക്കുന്നത് സല്‍മാന്റ വിക്കീപിഡിയയുള്‍പ്പെടെയുള്ള വിവരങ്ങളാണ്. ഇതോടെ സല്‍മാന്‍ ആരാധകര്‍ ഒന്നടങ്കം ഗൂഗിളിനെതിരെ രംഗത്തെത്തി. വിജയങ്ങളുടെ രാജകുമാരനായ സല്‍മാനെ മോശം നടനാക്കി ചിത്രീകരിച്ചതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ ഗൂഗിള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

'ഗൂഗിള്‍ ആരുടെയും പ്രത്യേക താല്‍പ്പര്യ പ്രകാരം ഒരാളെ പുകഴ്ത്തിയോ ഇകഴ്ത്തിയോ കാണിക്കുന്ന ഇടമല്ല. നിങ്ങള്‍ക്കറിയാവുന്നതു പോലെ ഇതൊരു സെര്‍ച്ച് എഞ്ചിനാണ്. ആര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാവുന്ന ഇടം. അത്തരത്തില്‍ നിങ്ങള്‍ വെറുതെ ഒരു വാക്ക് കൊടുത്താല്‍ പോലും അതുള്ളതോ അതുമായി ബന്ധപ്പെട്ടതോ ആയ ഫീച്ചറുകള്‍, ആര്‍ട്ടിക്കുകള്‍, പോസ്റ്റുകള്‍, ചിത്രങ്ങള്‍ അങ്ങനെ എന്തും ലഭിക്കുന്ന വിധത്തിലാണ് ഇത്. സല്‍മാന്‍ ഖാന്‍ മോശം നടനെന്ന പേരില്‍ ആരും ഒന്നും കൊടുത്തിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടു. പക്ഷേ റേസ് 3 എന്ന സിനിമയ്ക്ക് പലരും നല്‍കിയിരിക്കുന്ന റിവ്യൂവില്‍ മോശം അഭിനേതാവ് എന്ന പ്രയോഗം ഉണ്ട്. ഇതിനാലാണ് സല്‍മാനെ കാണിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്' ഗൂഗിള്‍ വക്താവ് വിശദീകരിച്ചു.

സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമെന്ന വിശേഷണമാണ് റേസ് 3യ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം 100 കോടി €ബ്ബില്‍ കടന്നിട്ടുണ്ട്.