Latest News

നസ്രിയ സിനിമയില്‍ സജീവമായാല്‍ വീട്ടിലിരിക്കാന്‍ ഞാന്‍ തയ്യാറാണ്: ഫഹദ്

2018-06-27 02:29:12am |

നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ നസീം സിനിമയിലേക്കു തിരിച്ചു വരുന്നു എന്ന വാര്‍ത്തയറിഞ്ഞ് സന്തോഷത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ പ്രേക്ഷകരെക്കാള്‍, മറ്റാരെക്കാള്‍ സന്തോഷിക്കുന്ന മറ്റൊരാളുണ്ട്. നടനും നസ്രിയയുടെ നല്ലപാതിയുമായ ഫഹദ് ഫാസില്‍. തന്റെ സന്തോഷം നേരത്തെ ഫഹദ് ഫെയ്‌സ്ബുക്ക് വഴി അറിയിച്ചതാണ്.

നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ വീട്ടിലിരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ഒരു അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കി.

വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള്‍ വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്. അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും. എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും ഫഹദ് പറഞ്ഞു.

ബാംൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലൂടെയാണ് നസ്രിയ തന്റെ തിരിച്ചുവരവ് നടത്തുന്നത്. ബാംൂര്‍ ഡേയ്‌സ് ആയിരുന്നു വിവാഹത്തിനു മുമ്പ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. കൂടെയിലെ നസ്രിയ അഭിനയിച്ച പാട്ടും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരാണ് കൂടെയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അമല്‍ നീരദിന്റെ വരത്തന്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, വിജയ് സേതുപതിക്കും സമാന്തയ്ക്കുമൊപ്പമുള്ള തമിഴ് ചിത്രം സൂപ്പര്‍ ഡിലക്‌സ്, നവാഗത സംവിധായകനൊപ്പമുള്ള ആണെങ്കിലും അല്ലെങ്കിലും, സത്യന്‍ അന്തിക്കാടിനോടൊപ്പമുള്ള പുതിയ ചിത്രം എന്നിവയുടെ തിരക്കിലാണ് ഫഹദ് ഇപ്പോള്‍.