റിഹേഴ്സല്‍ സമയത്തും സ്റ്റേജില്‍ അവതരിപ്പിക്കുമ്പോഴും പാര്‍വതി സ്‌കിറ്റ് കണ്ടതാണ്; അപ്പോഴില്ലാത്ത പരാതി ഇപ്പോഴെങ്ങനെ ഉണ്ടായി? നടി തെസ്‌നിഖാന്‍ ചോദിക്കുന്നു

2018-06-30 02:41:44am |

താരസംഘടനയായ അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ച സംഭവം ചര്‍ച്ചയാവുമ്പോള്‍ അമ്മ ഷോയില്‍, അംഗങ്ങളായ നടിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റിനെ കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. വനിതാ യോഗമെന്ന പേരില്‍ നടത്തിയ സ്‌കിറ്റ് വനിതാ സംഘടനയ്ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും നല്‍കിയ മറുപടിയാണെന്നും അത് തങ്ങളെ അപമാനിച്ചതാണെന്നും ഡബ്‌ള്യു സിസി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ നിലപാടിനെ 'അമ്മ' നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്‌കിറ്റെന്ന് റിമ കല്ലിങ്കലിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എന്നാല്‍ നടിമാരുടെ ആ പരാതിയ്ക്ക് കഴമ്പില്ലെന്നാണ് അമ്മയില്‍ അംഗം കൂടിയായ നടി തെസ്നി ഖാന്‍ പറയുന്നത്.

ഡബ്ല്യൂസിസി അംഗമായ പാര്‍വതി സ്‌കിറ്റ് കണ്ടതാണെന്നും അപ്പോള്‍ ഉണ്ടാവാതിരുന്ന വിവാദം പെട്ടെന്നുണ്ടായത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേ തെസ്നി ഖാന്‍ ചോദിച്ചത്. സുരഭി ലക്ഷ്മി, മഞ്ജു പിള്ള, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, അനന്യ, കുക്കു പരമേശ്വരന്‍ എന്നിവരാണ് വിവാദ സ്‌കിറ്റില്‍ അഭിനയിച്ചത്. മഞ്ജു പിള്ളയും സുരഭിയും ചേര്‍ന്നാണ് സ്‌കിറ്റ് തയാറാക്കിയത്. മെഗാ ഷോയ്ക്കായി തയ്യാറാക്കുന്ന ഒരുപാട് സ്‌കിറ്റുകള്‍ തള്ളിപ്പോയിട്ടുണ്ട്. പക്ഷേ, ഇത് സിദ്ദിഖ് , ലാലേട്ടന്‍, മമ്മൂക്ക, സുജിത് സാര്‍, മുകേഷേട്ടന്‍, ദേവന്‍ ചേട്ടന്‍ എന്നിങ്ങനെ എല്ലാവരും വായിച്ച് അംഗീകരിച്ചതാണ്. അവരൊന്നും ഒരു പ്രശ്‌നവും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കില്‍ അത് വേണ്ടെന്ന് അവര്‍ പറയുമായിരുന്നു.

റിഹേഴ്സല്‍ സമയത്തും പരിപാടി സ്റ്റേജില്‍ അവതരിപ്പിക്കുമ്പോഴുമെല്ലാം പാര്‍വതി സ്‌കിറ്റ് കണ്ടതാണ്. അപ്പോഴൊന്നും അവര്‍ യാതൊരു പരാതിയും പരിഭവവും അറിയിച്ചില്ല, ആരോടും പറഞ്ഞുമില്ല. എന്നാല്‍ ഷോ കഴിഞ്ഞ് ഇത്രയും നാളുകള്‍ക്ക് ശേഷം സ്‌കിറ്റ് വിവാദമായതെങ്ങനെയെന്ന് അറിയില്ല. ഇതിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും തെസ്നിഖാന്‍ പറഞ്ഞു.