Latest News

ഉപ്പും മുളകും നീറുന്നു! സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി നിഷാ സാരംഗ്, ഇനി ആ കുടുംബത്തിലേക്കില്ല

2018-07-08 04:52:52am |

സംവിധായകനെതിരെ ആരോപണവുമായി സീരിയല്‍ നടി. ജനപ്രീയ സീരിയലായ 'ഉപ്പും മുളകിലേയും' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗാണ് സംവിധായകനെതിരെ ആരോപണങ്ങളുമായി രംഗത്തത്തിത്. ഇനി താന്‍ സീരിയിലലില്‍ അഭിനയിക്കില്ലെന്നും നിഷ പറയുന്നു.

സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഫ്‌ളവേഴ്‌സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് 'ഉപ്പും മുളകും' സംപ്രേഷണം ചെയ്യുന്നത്.

ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഒരു മാധ്യമത്തോട് പറഞ്ഞു.

സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു.

സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. വിഷയത്തില്‍ ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിഷ പറഞ്ഞു. അതേസമയം, തന്നോടുള്ള ദേഷ്യം സീരിയലിലെ കഥാപാത്രത്തെ മോശമാക്കി ചിത്രീകരിച്ച് തീര്‍ക്കുകയാണെന്നും നിഷ ആരോപിക്കുന്നു. ഉപ്പും മുളകിലും ഈ സംവിധായകനൊപ്പം തുടരാന്‍ തനിക്ക് കഴിയില്ലെന്നും നിഷ വ്യക്തമാക്കി.

ഉപ്പും മുളകും തനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ് എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട് കുടുംബത്തിന് വേണ്ടിയാണ് താന്‍ എല്ലാം സഹിച്ചത്, നിഷ പറഞ്ഞു. തന്നോടുള്ള വൈരാഗ്യം തന്റെ കഥാപാത്രത്തോടും കാട്ടുകയാണെന്നും താരം ആരോപിച്ചു. ഡയറക്ടര്‍ ഉള്ളിടത്തോളം കാലം താന്‍ ആ സീരിയലിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരു തരത്തിലുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം. അങ്ങനെയാണെങ്കില്‍ മാത്രം അഭിനയിക്കാമെന്നും നിഷ പറഞ്ഞു.