Latest News

മംമ്ത, സ്ത്രീകളല്ല കുഴപ്പക്കാര്‍ വേട്ടക്കാര്‍ തന്നെയാണ് കുറ്റവാളികള്‍: മറുപടിയുമായി റിമ

2018-07-21 03:21:50am |

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് കാരണം അവര്‍ തന്നെയാണെന്നുള്ള നടി മംമ്താ മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍. സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണെന്നും അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റിമ.

റിമയുടെ വാക്കുകള്‍ 'പ്രിയ മംമ്ത, പീഡനം അനുഭവിച്ച എന്റെ സഹോദരി സഹോദന്മാരെ ഭിന്നലിംഗക്കാരേ നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണ്. നമ്മെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നവരും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവനുമാണ് ഇതില്‍ കുറ്റക്കാര്‍.'

'ഇത്തരം ആക്രമണങ്ങളെ ലഘൂകരിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹവും ഇതിന് ഉത്തരവാദികളാണ്. മറ്റൊരാളുടെ പ്രവര്‍ത്തിയില്‍ നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ടതില്ല. തുറന്ന് പറയുക തന്നെ വേണം, അത് തുടരുക. നിശബ്ദതയുടേയും അവഗണനയുടേയും മതിലുകള്‍ തകര്‍ക്കുക.'റിമ പറഞ്ഞു.

നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ല എന്നും മംമ്ത അഭിമുഖത്തില്‍ പറഞ്ഞിരുന്നു.