Latest News

യൂണിഫോമില്‍ മീന്‍വിറ്റ പെണ്‍കുട്ടിക്ക് അരുണ്‍ ഗോപി "വേഷമൊരുക്കി": പ്രണവിന്റെ ചിത്രത്തിലേക്ക് "വൈറലായ" ഹനാന്‍

2018-07-26 03:08:28am |

തൃശൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ച. പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയാണ് ശ്രദ്ധേയയാകുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ ഈ പെണ്‍കുട്ടിയുടെ പേര് ഹനാന്‍ എന്നാണ്. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്‍ക്കുന്ന ഹനാന്‍ ഒരു മണിക്കൂര്‍ പഠിക്കും. പിന്നീട് ഒട്ടും സമയം കളയാതെ എഴുന്നേറ്റ് സൈക്കിളുമെടുത്തിറങ്ങും. കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെ നിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇതു ഹനാന്റെ ഇന്നലെ വരെയുള്ള കഥ. ഇന്നു കഥ മാറി. ആ മാറ്റം സിനിമയിലേക്ക് വരെ എത്തിനില്‍ക്കുകയാണ്.

പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തെളിഞ്ഞത് അര്‍ഹിക്കുന്ന അംഗീകാരമാണ്. കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദുരിത ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകന്‍ അരുണ്‍ ഗോപി സിനിമയില്‍ വേഷമൊരുക്കി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മ്മാണം.

ഹനാന്റെ കഥ ഇങ്ങനെയായിരുന്നു, രാവിലെ പോയി മീന്‍ എടുത്ത് മാടവനയിലെ വാടകവീട്ടില്‍ മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളജിലേക്ക്. മൂന്നാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. വൈകിട്ട് മൂന്നരയ്ക്ക് കോളജ് വിട്ടാല്‍ ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും. സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെ നിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍ തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി. കോളജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും അറിയാം. ഹനാന്റെ കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. ഹനാന് ഒരു സഹോദരന്‍ കൂടിയുണ്ട്. പ്ലസ് ടുവിനാണ് പഠിക്കുന്നത്.