Latest News

ഞാന്‍ പീഡിപ്പിച്ചെന്നു തെളിയിച്ചാല്‍ എന്റെ സിനിമയില്‍ അവസരം തന്നിരിക്കും: ശ്രീറെഡ്ഡിയെ വെല്ലുവിളിച്ച് ലോറന്‍സ്

2018-08-01 02:57:53am |

തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് പുറത്തു കൊണ്ടു വന്നത് നടി ശ്രീ റെഡ്ഡിയാണ്. തെലുങ്കിന് പുറമേ തമിഴ് സിനിമയിലും തന്നെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചവരെക്കുറിച്ച് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. നാനി, മുരുകദോസ്, ശ്രീകാന്ത്, സുന്ദര്‍ സിÿ, രാഘവേന്ദ്ര ലോറന്‍സ് എന്നിങ്ങനെ സിനിമയിലെ പ്രമുഖരായ പലരുടെയും പേരുകള്‍ ശ്രീറെഡ്ഡി വെളിപ്പെടുത്തി. മാനനഷ്ടത്തിന് നാനി ശ്രീറെഡ്ഡിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ പ്രതികരിച്ചും ശ്രീയെ ചലഞ്ച് ചെയ്തും നടന്‍ ലോറന്‍സും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെ വിളികളും കള്ള വാര്‍ത്തകളും കൂടിയത് കൊണ്ടാണ് മറുപടി പറയുന്നതെന്ന് ലോറന്‍സ് പറഞ്ഞു.

ലോറന്‍സിന്റെ കുറിപ്പ്:

എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പ്രശ്‌നമല്ല. ഇതിനേക്കുറിച്ചോര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നുമില്ല. പക്ഷേ ഇതിനൊരു വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിശദീകരണം നല്‍കാന്‍ തയ്യാറാകുന്നത്.

തെലുങ്ക് ചിത്രം റിബലിന്റെ സമയത്താണ് ശ്രീറെഡ്ഡി എന്നെ കാണുന്നതെന്നാണ് അവര്‍ പറയുന്നത്. അതും 7 വര്‍ഷം മുന്‍പ്. അപ്പോള്‍ തന്നെ പറയേണ്ട കാര്യം 7 വര്‍ഷങ്ങള്‍ക്കു ശേഷം പറയുന്നതില്‍ എന്താണ് അര്‍ത്ഥം. ഓക്കെ അതു മാറ്റിവെയ്ക്കാം. ശ്രീ എന്റെ ഹോട്ടല്‍ റൂമില്‍ വരികയും ഞാന്‍ അവരെ ലൈംഗികമായി ഉപയോഗിച്ചുമെന്നാണ് ആരോപണം. കൂടാതെ ദൈവത്തിന്റെ ഫോട്ടോയും രുദ്രാഷ മാലയും റൂമില്‍ കണ്ടത്രേ. രുദ്രാഷ മാലയും ദൈവത്തിന്റെ ഫോട്ടോയുമുപയോഗിച്ച് മുറിയില്‍ പൂജ നടത്താന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍.

ശ്രീറെഡ്ഡിയോട് ഞാനൊരു തെറ്റും ചെയതിട്ടില്ല. എന്നെ എനിക്ക് നന്നായറിയാം. ദൈവവും ഇത് കാണുന്നുണ്ട്. മാത്രമല്ല ഈ വിശദീകരണങ്ങളൊരിക്കലും അവരോടുള്ള ദേഷ്യമല്ല. ഞാന്‍ നിങ്ങളുടെ എല്ലാ അഭിമുഖങ്ങളും കണ്ടു. എനിക്ക് സഹതാപം മാത്രമാണ്. സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം. ചാന്‍സ് തരാമെന്ന് പറഞ്ഞ് എല്ലാവരും നിങ്ങളെ ചതിച്ചോ?.

നിങ്ങൾ നല്ലൊരു നടിയാണെന്ന് പറയുന്നു. നമുക്കൊരു പ്രസ്മീറ്റ് സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ച് തന്നെ ഞാൻ രണ്ട് സീൻ നിങ്ങൾക്ക് അഭിനയിക്കാനായി നൽകാം, കൂടെ ഒരു ഡാൻസ് സ്റ്റെപ്പും. അത് ഞാൻ സാധാരണ നൽകാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കില്ല.

എളുപ്പം ചെയ്യാൻ കഴിയുന്ന സ്റ്റെപ്പും സംഭാഷണവും നൽകാം. സാധാരണ അഭിനേതാവിന് ചെയ്യാൻ കഴിയുന്ന ഒന്ന്. ഈ പറയുന്ന കഴിവ് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അത് ചെയ്യാം.

അത് നിങ്ങൾ തെളിയിക്കുകയാണെങ്കിൽ സംവിധായകൻ എന്ന നിലയിൽ തീർച്ചയായും എന്റെ അടുത്ത ചിത്രത്തിൽ നിങ്ങൾക്ക് നല്ലൊരു വേഷം ഞാൻ നൽകും. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ നിങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്നതിൽ ഒരു വിമുഖതയും എനിക്ക് ഇല്ല. ആ സിനിമയിൽ അഭിനയിച്ചതിന് ശേഷം നിങ്ങൾക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചേക്കാം.

ഇനി എല്ലാവരുടെയും മുന്നിൽ അഭിനയിക്കാൻ സാധിക്കില്ലെങ്കിൽ എന്റെ മാനേജറെ വന്ന് കാണൂ. അതിന് ശേഷം നിങ്ങളുടെ അഭിഭാഷകനോ മറ്റു സുഹൃത്തുക്കൾക്കോ ഒപ്പം എന്റെ മുന്നിൽ വന്ന് അഭിനയിച്ച് കാണിക്കൂ. ഞാൻ സഹായിക്കാം. ഭയം കൊണ്ടല്ല ഇങ്ങനെയൊരു മറുപടി നൽകുന്നത്, സ്ത്രീകളോട് വളരെ ബഹുമാനംപുലർത്തുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് എന്റെ അമ്മയുടെ പേരിൽ ക്ഷേത്രം തന്നെ നിർമിച്ചത്. നമുക്ക് നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം. ശ്രീ റെഡ്ഡിയുടെ നല്ലൊരു ജീവിതത്തിന് വേണ്ടി ഞാൻ പ്രാർഥിക്കുന്നു.