Latest News

അവള്‍ക്കൊപ്പമോ അവനൊപ്പമോ?: ഒടുവില്‍ മൗനം വെടിഞ്ഞ് മഞ്ജു വാര്യര്‍

2018-08-02 02:33:17am |

താന്‍ അവളോടൊപ്പമാണോ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്ന് നടി മഞ്ജു വാര്യര്‍. ഡബ്ല്യൂസിസിയില്‍ നിന്ന് മഞജു രാജിവെച്ചെന്നും നടി ആക്രമിക്കപ്പെട്ട കാര്യത്തില്‍ മറ്റു നടിമാര്‍ക്കൊപ്പം പ്രതികരണങ്ങളൊന്നും നടത്തുന്നില്ലെന്നും ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് ഒരു മാധ്യമത്തോട് മഞ്ജു പ്രതികരിച്ചത്.

'നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവള്‍ക്കറിയാം. എന്നെയും അവളെയും അടുത്തറിയാവുന്ന എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ്ടാഗുകളും ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും. ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും അതു പ്രഖ്യാപിക്കാന്‍ ഹാഷ്ടാഗുകളുടെ ആവശ്യമില്ല. വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാന്‍ എനിക്കാകില്ല. സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്.വ്യക്തിബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലികളോ ഒന്നും തടസ്സമാകുമെന്നും ഞാന്‍ കരുതുന്നില്ല' മഞ്ജു പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മഞ്ജുവിപ്പോള്‍. ഇതിനിടെ തന്റേതായ രീതിയില്‍ സാമുഹ്യ സേവനങ്ങളുമുണ്ട്. ഓഖി ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച മഞ്ജു ഇപ്പോള്‍ ആലപ്പുഴയില്‍ കടലാക്രമണം നടന്നയിടത്തും പോയി. 'ഈ നാട് എനിക്കു തന്ന അംഗീകാരവും സ്‌നേഹവും എന്നാല്‍ കഴിയും വിധം തിരിച്ചു നല്‍കണമെന്നുണ്ട്. ചെറിയ സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത് അതാണ്. ആലപ്പുഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തകരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനായത് എന്റെ കടമയുടെ ഭാഗമാണ്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയ സംരംഭം തുടങ്ങണമെന്നുണ്ട്. ധാരാളം ചെറുപ്പക്കാരും സ്ത്രീകളും സഹകരിക്കാമെന്നുറപ്പു നല്‍കിയിട്ടുണ്ട്. ഞാന്‍ നന്നായി ശ്രദ്ധിക്കേണ്ട രംഗമായി അതിനെ കാണുന്നു' മഞ്ചു പറഞ്ഞു.