പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു; പൃഥ്വിരാജിനെതിരെ രണത്തിന്റെ നിര്‍മ്മാതാവ്

2018-09-23 04:07:40am |

രണം പരീക്ഷണ ചിത്രമായിരുന്നെന്നും ആ ചിത്രം പരാജയപ്പെട്ടുവെന്നുമുള്ള പൃഥിരാജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍. താന്‍ ചെയ്യുന്ന എല്ലാ സിനിമകളും വിയിക്കില്ലെന്നും അത് അറിച്ചുകൊണ്ടു തന്നെയാണ് പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നതെന്നും രണം പോലെയുള്ള സിനിമകള്‍ അക്കൂട്ടത്തില്‍പ്പെട്ടതാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണവുമായാണ് ബിജു രംഗത്ത് വന്നത്.

ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം പണം മുടക്കി ചിത്രം നിര്‍മ്മിക്കണമായിരുന്നെന്നും നിര്‍മ്മാതാവിന്റെ പണം അതിനായി ചെലവഴിക്കരുതായിരുന്നെന്നും ബിജു പറഞ്ഞു. സിനിമയ്ക്ക് ശരാശരി പ്രതികരണമാണ് ലഭിച്ചത്. പക്ഷേ തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ പൊതുവേദിയില്‍ പറയാന്‍ പാടില്ലായിരുന്നെന്ന് ബിജു ഫെയ്‌സ്ബുക്ക് പ്രതികരണത്തില്‍ പറഞ്ഞു. ബിജുവിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാസും ചേര്‍ന്നാണ് രണം നിര്‍മ്മിച്ചത്.

Prithviraj, Ranam producer

പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ ചിത്രത്തിലെ സഹതാരമായ റഹ്മാനും രംഗത്ത് വന്നിരുന്നു. പരോക്ഷമായിട്ടായിരുന്നു റഹ്മാന്റെ പ്രതികരണം. തനിക്ക് എല്ലാം തന്നത് സിനിമയെന്ന രാജാവാണെന്നും ആ രാജാവിന്റെ മകനാണ് താനെന്നും അദ്ദേഹത്തെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ അത് കുഞ്ഞനുജനാണെങ്കിലും തനിക്ക് നോവുമെന്നുമായിരുന്നു റഹ്മാന്റെ പ്രതികരണം.