ശബരിമലയിലേയ്ക്കുള്ള പ്രവേശനവിലക്ക് തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസിനു ശേഷം

2018-09-30 04:42:54am |

സ്ത്രീകള്‍ക്ക് ശബരിമലയിലേയ്ക്കുള്ള പ്രവേശനവിലക്ക് ആചാരപരമാണെങ്കിലും, കര്‍ശനമാക്കിയത് 'നമ്പിനോര്‍ കെടുവതില്ലൈ' എന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസിനു ശേഷം. 1986 മാര്‍ച്ച് 8 മുതല്‍ 13 വരെയാണു സന്നിധാനത്തു ചിത്രീകരണം നടന്നത്. 65 വര്‍ഷം മുടങ്ങാതെ അയ്യപ്പ ദര്‍ശനം നടത്തിവന്ന ഭക്തനായ ശങ്കരനായിരുന്നു സംവിധായകന്‍.

യുവതികളായ താരങ്ങളെ മലകയറ്റി പതിനെട്ടാംപടിക്കല്‍ നൃത്തം ചെയ്യിച്ച് സിനിമ ചിത്രീകരിച്ചതായി കാണിച്ച് കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക് തെറ്റ്‌വേലില്‍ വി.രാജേന്ദ്രന്‍ റാന്നി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. താരങ്ങളായ ജയശ്രീ, സുധാചന്ദ്രന്‍, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍. ആറാം പ്രതി സംവിധായകന്‍ ശങ്കരന്‍. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.ഭാസ്‌കരന്‍ നായര്‍, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്ണന്‍, ഹരിഹരയ്യര്‍ എന്നിവര്‍ 7 മുതല്‍ 9 വരെ പ്രതികളുമായിരുന്നു. 1986 ജൂലൈയിലാണ് കേസ് കോടതിയിലെത്തിയത്. താരങ്ങള്‍ 1986 സെപ്റ്റംബറില്‍ ഹാജരായി ജാമ്യമെടുത്തു.

 

ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോപാലകൃഷ്ണപിള്ള പ്രതികള്‍ക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ്സു കഴിഞ്ഞിരുന്നതിനാല്‍ വിട്ടയച്ചു. സംവിധായകന്‍ ശങ്കരനില്‍നിന്ന് 7500 രൂപ ഫീസ് വാങ്ങിയാണ് സിനിമ ചിത്രീകരണത്തിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. അതിനാല്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്കും കോടതി പിഴയിട്ടു. ഇതോടെ, നിയന്ത്രണം ദേവസ്വം ബോര്‍ഡ് കര്‍ശനമാക്കി.

ദേവസ്വം ഉദ്യോഗസ്ഥയുടെ മകള്‍ ആചാരം ലംഘിച്ച് എത്തിയതിനെതിരെ ഹൈക്കോടതിയിലും കേസ് വന്നു. ചങ്ങനാശേരി പുഴവാത് പുളിമൂട്ടില്‍ എസ്.മഹേന്ദ്രന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ച് ജസ്റ്റിസ് പരിപൂര്‍ണന്റെ ബെഞ്ചാണ് 1990ല്‍ 10നും 50നും മധ്യേയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.