"രാജാവിന്റെ മകനില്‍" തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ പദവി; മോഹന്‍ലാലിന്റെ ജീവിതം മാറ്റിമറിച്ചത് തമ്പി കണ്ണന്താനം

'ഒരിക്കല്‍ രാജുമോന് എന്നോട് ചോദിച്ചു....' മോഹന്‍ലാലിന്റെ ഈ ഡയലോഗ് കേള്‍ക്കാത്തവരായി കേരളത്തില്‍ ആരുമുണ്ടാവില്ല. മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിച്ചതില്‍ തമ്പി കണ്ണന്താനത്തിന്റെ പങ്ക് വലുതാണ്. മലയാള സിനിമാചരിത്രത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരിനൊപ്പമാണ് തമ്പി കണ്ണന്താനത്തിന്റെ സ്ഥാനം. എന്നാല്‍ സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്ന മോഹന്‍ലാലിനെവെച്ച് അതേ സിനിമ റീമേക്ക് ചെയ്യാനുള്ള ആഗ്രഹം ബാക്കിവെച്ചാണ് തമ്പി കണ്ണന്താനം മടങ്ങുന്നത്.
മോഹന്‍ലാലിന്റെ മകന് പ്രണവിനെയും സിനിമാലോകത്തേക്ക് എത്തിച്ചതും തമ്പി കണ്ണന്താനമാണ്. 1986ലാണ് മോഹന്‍ലാല്‍ 'രാജാവിന്റെ മകന്' എന്ന ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയരുമ്പോള്‍ തമ്പിയും ലാലും സിനിമയിലെത്തിയിട്ട് കേവലം ആറു വര്‍ഷം മാത്രമായതെ ഉണ്ടായിരുന്നുള്ളു. മോഹന്‍ലാല്‍ സൂപ്പര്‍ താരപദവിയിലേക്ക് എത്തിയപ്പോള്‍ സഹസംവിധായകനില്‍ നിന്ന് തമ്പി പേരെടുത്ത സംവിധായകനായി മാറുകയായിരുന്നു.
ഐ.വി ശശിയെപ്പോലുള്ള പ്രതിഭാധനര്‍ വെട്ടിത്തുറന്ന സിനിമയുടെ പുതുപാതയിലായിരുന്നു തമ്പിയുടെയും സഞ്ചാരം. നാലുവര്‍ഷത്തിനുശേഷം മോഹന്‍ലാലിനെ നായകനാക്കിയ ഇന്ദ്രജാലം ട്രെന്‍ഡ് സെറ്ററായി. എണ്‍പതുകളുടെ പകുതിമുതല്‍ കൊണ്ണൂറുകളുടെ പകുതിവരെയുള്ള ആ സുവര്‍ണകാലഘട്ടത്തില്‍ ഹിറ്റുകള്‍ പലതുപിറന്നു. 2001ല്‍ പുറത്തിറങ്ങിയ 'ഒന്നാമനായിരുന്നു' മോഹന്‍ലാലിനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത അവസാനചിത്രം. ആ ചിത്രത്തിലൂടെയാണ് ലാലിന്റെ ചെറുപ്പം അഭിനയിച്ച് പ്രണവ് മോഹന്‍ലാല്‍ സിനിമാലോകത്തെത്തിയ ചിത്രം.
'രാജാവിന്റെ മകന്റെ' വിജയം തമ്പി കണ്ണന്താനത്തിന്റെ സംവിധായക വേഷത്തിലേക്കുള്ള ചവിട്ടു പടിയായി. സംവിധായക പദവി യാദൃശ്ചികമായി കിട്ടിയതല്ലെന്ന് പിന്നാലെ വന്ന ഭൂമയിലെ രാജാക്കന്മാരും ഇന്ദ്രജാലവും നാടോടിയുമൊക്കെ തെളിയിച്ചു. നടനില്‍നിന്ന് താരത്തിലേക്കുള്ള മോഹന്‍ലാലിന്റെ പരിണാമം കൂടിയായിരുന്നു അവയോരോന്നും. ശശികുമാറിന്റെ എ.ബി രാജിന്റെയും പ്രിയ ശിഷ്യന് സിനിമ നേരം പോക്കായിരുന്നില്ല. ജനപ്രിയ സിനിമകളായി മാറിയ സൃഷ്ടികളില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞു സംവിധായകന്. സമകാലീക രാഷ്ട്രീയത്തില്‍ നടക്കുന്നതെല്ലാം തുറന്ന് കാട്ടി. സ്വന്തം ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം മറ്റ് സംവിധായകരുടെ സിനിമകളും നിര്‍മിച്ചു. പത്തോളം സിനിമകളില്‍ കാമറയ്ക്കുമുന്നിലും തമ്പി കണ്ണന്താനം പ്രത്യക്ഷപ്പെട്ടു.
1983ല്‍ താവളം എന്ന ചിത്രത്തിലൂടെയായിരുന്നു തമ്പി കണ്ണന്താനത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. ഇതടക്കം 16 സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മലയാളത്തിലെത്തി. നിര്‍മാതാവ്, തിരകഥാകൃത്ത്, നടന് എന്നീ നിലകളിലും കഴിവ് തെളിയിച്ചാണ് തമ്പി കണ്ണന്താനത്തിന്റെ മടക്കം.
സാങ്കേതിക മികവോടെ വലിയ കാന്‍വാസില്‍ സിനിമ രചിക്കാനായിരുന്നു എന്നും ആഗ്രഹിച്ചത്. ഒടുവില്‍ മോഹന്‍ലാലിനൊപ്പം വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിയാകുന്നു. സംവിധാകരില ഒന്നാമന് ഉയര്‍ച്ച താഴ്ച്ചകളിലൂടെ സഞ്ചരിച്ചെങ്കിലും സിനിമ പ്രേമികളുടെ മനസില്‍ ആ പേര് ഒന്നാമതായി തുടരും ഇനിയും.