തുടക്കക്കാരി എന്ന നിലയില്‍ പുറത്തുപറയാന്‍ ഭയന്നു ; എന്നാല്‍ ഐശ്വര്യാറായി പിന്തുണച്ചു ; പീഡകനായ നിര്‍മ്മാതാവിന്റെ സിനിമയില്‍ നിന്നും പിന്മാറി ; മീ ടൂ ക്യാമ്പയിനില്‍ ആഷിന് നന്ദിയുമായി നടി

2018-10-10 03:07:27am |

ഹോളിവുഡിന് പിന്നാലെ മീടൂ ക്യാമ്പയിന്‍ ​ഇന്ത്യയിലും വന്‍ ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ തുടക്ക കാലത്ത് നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ഒരു പീഡനത്തിന് തനിക്ക് പിന്തുണ നല്‍കിയ ഐശ്വര്യാറായിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള യുവനടിയുടെ തുറന്നു പറച്ചില്‍ ശ്രദ്ധേയമാകുന്നു. ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് നടി ഫ്ളോറ സൈനിയാണ് രംഗത്ത് വന്നിരിക്കുന്നത്. 2007 ല്‍ നടന്ന സംഭവത്തില്‍ പിന്നീട് ദോഷിയുടെ സിനിമയില്‍ നിന്നും പിന്മാറി ആഷ് തന്നെ പിന്തുണച്ചെന്നാണ് ഇവര്‍ പറഞ്ഞത്.

താനുമായി ദോഷി പ്രണയത്തിലായിരുന്ന 2007 ലെ വാലന്റൈന്‍സ് ഡേയില്‍ തന്നെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തെന്നാണ് ആരോപണം. തുടക്കക്കാരി എന്ന നിലയില്‍ താന്‍ പറയുന്നത് ആരും വി​ശ്വസിക്കില്ലെന്ന് തോന്നിയതിനാല്‍ അന്ന് പുറത്തു പറഞ്ഞില്ലെന്നാണ് സൈനി പറയുന്നത്. ആരും പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്ന സമയത്ത് ഐശ്വര്യാറായി തന്നെ മനസ്സിലാക്കിയെന്നും ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറിയെന്നും സൈനി പറയുന്നു. മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നാണ് സൈനി ആഷിന് നന്ദി പറഞ്ഞിരിക്കന്നത്. ദോഷിയില്‍ നിന്ന് പിന്നീടും പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ധൈര്യമില്ലാത്തതിനാല്‍ പുറത്ത് പറയാത്തതാണെന്നും സൈനി വ്യക്തമാക്കുന്നുണ്ട്.

അതേസമയം മീടൂ കത്തിപ്പടര്‍ന്നതോടെ ആഷുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ ഒരു പഴയ അഭിമുഖവും കത്തിപ്പടരുന്നുണ്ട്. ഐശ്വര്യ യെ സല്‍മാന്‍ അടിച്ചെന്ന ആരോപണത്തില്‍ സല്‍മാന്‍ നടത്തുന്ന മറുപടിയാണ് സംഭവം. താന്‍ ഒരാളെ തല്ലണമെങ്കില്‍ നന്നായി ദേഷ്യം വരണമെന്നും തല്ലുകയാണെങ്കില്‍ എന്റെ എല്ലാ ശക്തിയും ഉപയോഗിക്കുമെന്നും അന്ന് തല്ലിയെങ്കില്‍ അവള്‍ അതിജീവിക്കില്ലായിരുന്നെന്നും സല്‍മാന്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. ഐശ്വര്യയുമായി സല്‍മാന്‍ ഒരു കാലത്ത് പ്രണയത്തിലായിരുന്നു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2002 ല്‍ വേര്‍പിരിഞ്ഞു. സല്‍മാന്റെ അക്രമണോത്സുകമായ പെരുമാറ്റമാണ് ബന്ധം പിരിയാനുള്ള കാരണമെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. തന്നെ ചതിച്ചുവെന്നും മോശമായി പെരുമാറിയെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.