Latest News

അന്ന് ഞങ്ങൾ ലിവിങ് റിലേഷനിൽ, ശ്രീശാന്ത് പറയുന്നത് കള്ളം; ആരോപണവുമായി നടി

2018-10-13 03:01:59am |

ഏഴു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താൻ വിവാഹിതനായെന്ന ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുൻകാമുകിയുമായ നികേഷ പട്ടേൽ. 2012 മുതൽ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും, ആ കാലയളവിൽ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും നികേഷ പട്ടേൽ തുറന്നടിച്ചു.

സൽമാൻ ഖാൻ അവതാരകനായെത്തുന്ന ബിഗ്ബോസ് ഹിന്ദിപതിപ്പിൽ ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ശ്രീ വികാരഭരിതനായി പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് ഭുവനേശ്വരിയുമായുളള പ്രണയത്തെ കുറിച്ചു ശ്രീ വാചലനായതാണ് മുൻ കാമുകിയെ ചൊടിപ്പിച്ചത്. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേൽപിച്ചുവെന്നും നികേഷ ബാംഗ്ലൂർ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാൻ ശ്രീയെ നേരിൽ കണ്ടിട്ടില്ല. ഏഴുവർഷം പ്രണയിച്ചാണ് വിവാഹം ചെയ്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. പച്ചക്കളളമാണ് അത്. നികേഷ പട്ടേൽ പറയുന്നു. 

ആ ബന്ധത്തിൽ നിന്ന് ഇതു വരെ പുറത്തു കടക്കാൻ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നൽകിയത്. കഴിഞ്ഞ അഞ്ചുവർഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തിൽ നിന്നും മാറി നടക്കുകയാണ് ഞാൻ. 2012ൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നത്. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു. അതു സത്യമാണെങ്കിൽ അപ്പോൾ അയാൾ എന്നോട് എന്താണ് ചെയ്തിരുന്നത്. ഇതെന്നെ കൂടുതൽ മുറിപ്പെടുത്തുന്നു. നികേഷ പറയുന്നു. വരദനായക എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്താണ് ഞങ്ങള്‍ ബ്രേക്കപ്പായത്. ബിഗ് ബോസ് ഷോയിൽ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാൽ  യഥാർത്ഥത്തിൽ അയാൾ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും നികേഷ പറഞ്ഞു.