Latest News

ഇര പുറത്ത്‌, വേട്ടക്കാരന്‍ അകത്ത്‌ : കറുപ്പണിഞ്ഞ്‌ നടിമാര്‍; മോഹന്‍ലാലിനും "അമ്മ"യ്‌ക്കും എതിരേ ഡബ്ല്യു.സി.സി.

2018-10-14 03:38:02am |

കൊച്ചി : താരസംഘടനയായ അമ്മയ്‌ക്കെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ച്‌ മലയാള സിനിമയിലെ വനിതാസംഘടനാ ഡബ്ല്യു.സി.സി. രംഗത്ത്‌. നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പമാണെന്ന അമ്മ ഭാരവാഹികളുടെ നിലപാട്‌ നാടകമാണെന്നു ഡബ്ല്യു.സി.സി. പത്രസമ്മേളനത്തില്‍ ആരോപിച്ചു. മലയാള ചലച്ചിത്രമേഖലയില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നതിനു തെളിവായി നടി അര്‍ച്ചന പദ്‌മിനി മി ടൂ വെളിപ്പെടുത്തലും നടത്തി.

ദിലീപ്‌ വിഷയത്തില്‍, അമ്മ ഭാരവാഹികളായ മോഹന്‍ലാല്‍, ഇടവേള ബാബു, ബാബുരാജ്‌, ഫെഫ്‌ക പ്രസിഡന്റ്‌ ബി. ഉണ്ണിക്കൃഷ്‌ണന്‍ എന്നിവര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണു ഡബ്ലു.സി.സി. അംഗങ്ങള്‍ ഉയര്‍ത്തിയത്‌. പ്രതിഷേധസൂചകമായി കറുത്തവസ്‌ത്രങ്ങളണിഞ്ഞാണു രേവതി, പത്മപ്രിയ, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, അഞ്‌ജലി മേനോന്‍, ദീദി ദാമോദരന്‍, ബീനാപോള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടിമാര്‍ എത്തിയത്‌. പത്രസമ്മേളനത്തിനു മുന്നോടിയായി ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി. എത്രവര്‍ഷമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞു.

അമ്മ പ്രസിഡന്റ്‌ മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ മൂന്നു നടിമാര്‍ എന്ന്‌ അഭിസംബോധന ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ സ്വയം പരിചയപ്പെടുത്തല്‍. തുടര്‍ന്ന്‌, ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത്‌ വായിച്ചു. കഴിഞ്ഞ ഏഴിനു നടന്ന അമ്മ നിര്‍വാഹകസമിതി തങ്ങളെ ചര്‍ച്ചയ്‌ക്കു ക്ഷണിച്ചിരുന്നു. സംഘടനയില്‍നിന്നു രാജിവച്ച നടിമാരെ തിരിച്ചുവിളിക്കുക, ദിലീപ്‌ വിഷയത്തില്‍ നിലപാട്‌ വ്യക്‌തമാക്കുക, ആക്രമിക്കപ്പെട്ട നടിയെ തിരിച്ചുവിളിക്കുക, സംഘടനയുടെ നിയമാവലിയില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അന്ന്‌ ഉന്നയിച്ചു. എന്നാല്‍, മുമ്പുനടന്ന ജനറല്‍ ബോഡികളില്‍ ഹാജരാകാത്തതിന്റെ പട്ടിക കാണിച്ച്‌, അതേക്കുറിച്ചു സംസാരിക്കാനാണു ഭാരവാഹികള്‍ ശ്രമിച്ചത്‌.

ആക്രമിക്കപ്പെട്ട നടിക്കുനേരേ കുറ്റപ്പെടുത്തലുമുണ്ടായി. ആ നടി അയച്ച ശബ്‌ദസന്ദേശം യോഗത്തില്‍ കേള്‍പ്പിച്ചശേഷമാണു സംസാരിക്കാന്‍പോലും അനുവദിച്ചത്‌. ജനറല്‍ ബോഡിയുടെ തീരുമാനം എങ്ങനെ തിരുത്തുമെന്നാണു മോഹന്‍ലാല്‍ ചോദിച്ചത്‌. രാജിവച്ച നടിമാര്‍ അംഗത്വത്തിനു വീണ്ടും അപേക്ഷ നല്‍കണം. അത്‌ നിര്‍വാഹകസമിതിയും ജനറല്‍ ബോഡിയും അംഗീകരിക്കണമെന്നും വ്യക്‌തമാക്കി. മാധ്യമങ്ങളോടു സംസാരിക്കരുതെന്നും പ്രശ്‌നം പരിഹരിച്ചശേഷം സംയുക്‌തപ്രസ്‌താവന നടത്താമെന്നും പറഞ്ഞു. അവര്‍ നാടകം കളിക്കുകയാണെന്നു പിന്നീടാണു മനസിലായത്‌. അവര്‍ തന്നെയുണ്ടാക്കിയ നിയമാവലി അവര്‍ക്കു തോന്നിയതുപോലെ നടപ്പാക്കുന്നു. ഇനി മിണ്ടാതിരിക്കാനാവില്ല.

അമ്മയില്‍ നിന്നുകൊണ്ടുതന്നെ പോരാടും. പീഡനത്തിനിരയായ നടി സംഘടയ്‌ക്കു പുറത്തുനില്‍ക്കുമ്പോള്‍ കുറ്റാരോപിതന്‍ ഉള്ളിലാണ്‌. നിര്‍വാഹകസമിതി അംഗം ബാബുരാജ്‌, ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നാണ്‌ ആക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചത്‌. നടിക്കുവേണ്ടി കേസില്‍ കക്ഷിചേരാന്‍ തയാറായ ഒരാളാണ്‌ അതു പറഞ്ഞതെന്നു വിശ്വസിക്കാനായില്ല. 'അമ്മ'യില്‍നിന്നു കൂടുതല്‍ ഡബ്ല്യു.സി.സി. അംഗങ്ങള്‍ രാജിവയ്‌ക്കില്ല. അമ്മയുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം മൂലമാണു രാജിവച്ചതെന്നു നടി രമ്യാ നമ്പീശന്‍ പറഞ്ഞു. നിയമാവലി കാട്ടി അംഗങ്ങളെ പറ്റിക്കുകയാണെന്നു പത്മപ്രിയ പറഞ്ഞു. രാജ്യം മി ടൂവിനുവേണ്ടി ഒന്നിക്കുമ്പോള്‍, ഫെഫ്‌ക ചെയര്‍മാന്‍ ബി. ഉണ്ണിക്കൃഷ്‌ണന്‍ പീഡനക്കേസ്‌ പ്രതിയെവച്ച്‌ സിനിമ പ്രഖ്യാപിക്കുകയാണുണ്ടായതെന്നു റിമ കല്ലിങ്കല്‍ പറഞ്ഞു.