Latest News

മോഹന്‍ലാലിന്റെ വാദം തള്ളി ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വമേധയാ രാജിവച്ചതാണെന്നു ദിലീപ്‌

2018-10-24 03:16:06am |

കൊച്ചി : ചലച്ചിത്രഅഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍നിന്ന്‌ രാജിവയ്‌ക്കണമെന്ന്‌ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ സ്വമേധയാ രാജി നല്‍കുകയായിരുന്നുവെന്നും നടന്‍ ദിലീപ്‌.
ദിലീപ്‌ രാജിവച്ചത്‌ താന്‍ ആവശ്യപ്പെട്ടിട്ടാണെന്ന്‌ അമ്മ പ്രസിഡന്റ്‌ മോഹന്‍ലാല്‍ കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ്‌ ദിലീപിന്റെ പ്രസ്‌താവന.
കഴിഞ്ഞ പത്തിനാണ്‌ ദിലീപ്‌ കത്തയച്ചത്‌. തന്റെ പേരു പറഞ്ഞ്‌ താരംസഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ്‌ താന്‍ രാജിവച്ചത്‌. മനസറിയാത്ത കാര്യത്തിനാണു തന്നെ വേട്ടയാടുന്നത്‌. ഉപജാപക്കാരുടെ പിടിയിലകപ്പെട്ട്‌ അമ്മ എന്ന സംഘടന തകരരുത്‌. നിരവധി കലാകാരന്‍മാര്‍ അമ്മയുടെ സഹായം കൊണ്ട്‌ ജീവിക്കുന്നുണ്ട്‌. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്‍ക്കണമെന്നും കത്തില്‍ പറയുന്നു.

സിനിമയിലെ വനിതാക്കൂട്ടായ്‌മയായ ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്‌)യുടെ ആവശ്യപ്രകാരം ദിലീപില്‍ നിന്ന്‌ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ്‌ മോഹന്‍ലാല്‍ ഏതാനും ദിവസം മുമ്പ്‌ വ്യക്‌തമാക്കിയിരുന്നത്‌. അമ്മ എക്‌സിക്യൂട്ടീവിനുശേഷം പുറത്തുവിടാത്തതുകൊണ്ടാണ്‌ കത്ത്‌ ഇപ്പോള്‍ പുറത്തുവിടുന്നതെന്ന്‌ ദിലീപ്‌ ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു.

അമ്മയുടെ നിയമപ്രകാരം ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ പുറത്താക്കാന്‍ കഴിയൂ. തന്റെ ജ്യേഷ്‌ഠസഹോദരനെന്നു കണക്കാക്കുന്ന മോഹന്‍ലാലുമായി ചര്‍ച്ചചെയ്‌തിട്ടാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. രാജിക്കത്ത്‌ സ്വീകരിച്ചാല്‍ അത്‌ രാജിയാണ്‌, പുറത്താക്കലല്ലെന്നും ദിലീപ്‌ വ്യക്‌തമാക്കി.