Latest News

ട്വീറ്റിനു പിന്നാലെ അയാളുടെ വിളിയെത്തി, പിന്നാലെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം: സംവിധായകനെതിരെ അതിഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും അമല പോള്‍

2018-10-25 03:43:53am |

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെ അതിഗുരുതര വെളിപ്പെടുത്തലുമായി വീണ്ടും നടി അമല പോള്‍. തിരുട്ടുപയലെ 2 എന്ന ചിത്രത്തിനിടെയുണ്ടായ മോശം അനുഭവം താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനു പിന്നാലെ ഉണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവമാണ് അമല പോള്‍ വെളിപ്പെടുത്തിയത്.

തന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അമല പോള്‍ രംഗത്തെത്തിയത്. തന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും തന്നെ ഫോണില്‍ വിളിക്കുകയയുണ്ടായി. മോശം അനുഭവം നേരിട്ട താന്‍ എങ്കിലും അയാളുടെ ഭാര്യയെ താന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുസി തന്നെ ചീത്ത വിളിച്ചു. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ഈ സമയം അയാളുടെ ഭാര്യ സമീപത്തു നിന്ന് ചിരിക്കുന്നതാണ്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് തന്നെ നാണംകെടുത്താന്‍ തുടങ്ങിയെന്നും അമല പോള്‍ ട്വീറ്റ് ചെയ്തു. ഇത്തരം ശ്രമങ്ങളിലൂടെ തന്നെ പേടിപ്പിക്കാം എന്നാണ് അവരുടെ വിചാരമെന്നും അമല പോള്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ് സംവിധായകന്‍ സുസി ഗണേശനെതിരെയുള്ള ലീന മണിമേഖലയുടെ ആരോപണം ശരിവെച്ചാണ് നേരത്തെ അമല പോള്‍ രംഗത്തെത്തിയത്. സുസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയാണ് അമല പോള്‍ ലീന മണിമേഖലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

സുസി സംവിധാനം ചെയ്ത തിരുട്ടുപയലേ 2 വിലെ പ്രധാന നായികയായിരുന്നിട്ടുകൂടി തനിക്ക് അയാളില്‍ നിന്നുണ്ടായത് മോശം അനുഭവങ്ങളാണെന്ന് അമല പോള്‍ വെളിപ്പെടുത്തി. അശ്ശീല ചുവയോടെ സംസാരിക്കുക, വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക ഇതെല്ലാം തിരിട്ടുപയലേ 2 വില്‍ അനുഭവിക്കേണ്ടി വന്നുവെന്ന് അമല പോള്‍ പറഞ്ഞു. സുസി ഗണേശിനെതിരെ ലീന മണിമേഖലയാണ് തുറന്നടിച്ച് രംഗത്തെത്തിയത്. പൊതുസമൂഹത്തിനു മുന്നില്‍ ഇതു തുറന്നുപറയാന്‍ കാണിച്ച അവളുടെ ചങ്കുറ്റത്തെ അമല പോള്‍ അഭിനന്ദിച്ചു.

സ്ത്രീകള്‍ക്ക് ഒരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സ്വന്തം ഭാര്യയേയും മക്കളേയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നതായും അമല പോള്‍ പറഞ്ഞു. മീടു പോലുള്ള ക്യാംപെയ്‌നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവണ്‍മെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അമല പറഞ്ഞു.

2005 ല്‍ നടന്ന സംഭവമാണ് മണി മേഖല വീണ്ടും ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിരിക്കുന്നത്. ചാനല്‍ അഭിമുഖത്തിനു ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഗണേശന്‍ മോശമായി പെരുമാറിയെന്ന് ലീന ആരോപിക്കുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞു കാറില്‍ കയറ്റിയതിനു ശേഷം ഡോര്‍ ലോക്ക് ചെയ്തുവെന്നും, മൊബൈല്‍ ഫോണ്‍ എടുത്ത് വലിച്ചെറിഞ്ഞുവെന്നും ലീന പറയുന്നു. കൈവശമുണ്ടായിരുന്ന ചെറിയ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഗണേശന്‍ പിന്മാറിയത്. 2015 ല്‍ ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.