Latest News

കിടിലം എനിക്കിഷ്ടമായി..പക്ഷെ ആ "കിടിലം മറുപടി" എന്റേതല്ല: ശബരിമല വിവാദത്തില്‍ വ്യാജപ്രചരണത്തിനെതിരെ അനൂപ് മേനോന്‍

2018-11-08 02:48:00am |

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്റേപേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നടന്‍ അനൂപ് മേനോന്‍. തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് പറഞ്ഞാണ് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരേ,

“അനൂപ് മേനോന്റെ കിടിലം മറുപടി” എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.ജാതി-മതസംബന്ധിയായും, വിശിഷ്യാ ശബരിമലവിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുതവോയ്സ്നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാൾ. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലർക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.അതു കൊണ്ട് തന്നെ ആ പ്രാസംഗികൻ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂർവ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോർവേഡ് ചെയ്യുന്നവരോടാണ്:

നിങ്ങൾ വിശ്വസിക്കുന്നഒരു ആശയം പ്രചരിപ്പിക്കാൻ എന്റെ പേരുപയോഗിക്കുന്നതിൽ എന്ത് മാത്രം ധാർമ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ “അത് അനൂപ് മേനോനാണെന്ന്” പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാൾക്ക് തിരിച്ചുകൊടുക്കുക.

സ്നേഹപൂർവ്വം
അനൂപ് മേനോൻ