സുമംഗലിയായി ദീപിക, ചേര്‍ത്തു പിടിച്ച് റണ്‍വീര്‍: താരദമ്പതികള്‍ മുംബൈയില്‍ പറന്നിറങ്ങി: ചിത്രങ്ങളും വീഡിയോയും

2018-11-19 03:49:52am |

ഇറ്റലിയിലെ ആര്‍ഭാടമായ കല്ല്യാണ ആഘോഷം കഴിഞ്ഞ് ബോളിവുഡിന്റെ ഏറ്റവും പുതിയ താര ദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയില്‍ തിരിച്ചെത്തി. വെളുപ്പിന് മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെലിബ്രിറ്റി കപ്പിള്‍സിനെ കാണാന്‍ വന്‍ തിരക്കായിരുന്നു. സുരക്ഷാസന്നാഹത്തിന്റെ മറവില്‍, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയില്‍ വിവാഹം നടത്തിയതെങ്കിലും നാട്ടിലെത്തിയ താരങ്ങള്‍ പിശുക്ക് കാട്ടിയില്ല. എല്ലാവരോടും ചിരിച്ച്,കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് യഥേഷ്ടം പോസ് ചെയ്താണ് അവര്‍ വിമാനത്താവളം വിട്ടത്.

ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രണ്‍വീര്‍. ബീജ് കളര്‍ ചുരിദാറായിരുന്നു ദീപികയുടെ വേഷം. എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ പരമ്പരാഗത ഇന്ത്യ വധുവായ ദീപികയ്ക്ക്.

പിന്നീട് ഇരുവരും ചേര്‍ന്ന് നേരെ മുംബൈയിലെ രണ്‍വീറിന്റെ വീടയ ഭാവ്‌നായി റെസിഡന്‍സിയിലേയ്ക്കാണ് പോയത്. ഇവിടെയും വന്‍ ആരാധകര്‍ കാത്തുനിന്നിരുന്നു. രണ്‍വീറിന്റെ രക്ഷിതാക്കളായ ജഗ്ജിത് സിംഗ് ഭാവ്‌നാനിയും അഞ്ജു ഭാവ്‌നാനിയയും ഇവരെ അനുഗമിച്ചു. കൈകള്‍ കോര്‍ത്ത് പിടിച്ച ദമ്പതികളെ പാപ്പരാസികള്‍ വെറുതെവിട്ടില്ല. ദീപികയുടെ കൈയിലെ ചൂഡയും മെഹന്തിയും കമ്മലുമെല്ലാം ഒപ്പിയെടുത്തു ഫോട്ടോഗ്രാഫര്‍മാര്‍.