ഇതാണ് ഞങ്ങ പറഞ്ഞ "മനുഷ്യന്‍": ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി വിജയ് സേതുപതി

2018-11-21 01:48:10am |

വീശിയടിച്ച ചുഴലിക്കാറ്റില്‍ ദുരിതം പേറുന്ന മക്കള്‍ക്ക് സഹായവുമായി തമിഴ്‌നാടിന്റെ സ്വന്തം മക്കള്‍ സെല്‍വന്‍. ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്ത് ഏറെ നാശനഷ്ടമാണ് വരുത്തിയത്. എളിമ കൊണ്ടും തനിമ കൊണ്ടും പ്രേക്ഷക മനസില്‍ ഇടം നേടിയ വ്യക്തിയാണ് വിജയ് സേതുപതി. താരങ്ങളുടെ പകിട്ടില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജനങ്ങളോട് ഇടപഴകുന്ന വ്യക്തി കൂടിയാണ് താരം.

ജാതിമത ഭേദമന്യേ ദുരിതം പേറുന്നവര്‍ക്കും ജീവിതത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായവുമായി മുന്നിലുണ്ടാവുമെന്ന് താരം അറിയിച്ചു. ഗജ ചുഴലിക്കാറ്റ് തമിഴ് നാട്ടില്‍ താണ്ഡവമാടിയപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25ലക്ഷം രൂപ ഇദ്ദേഹം സംഭാവന ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടെയുണ്ടാകുമെന്ന് താരം വ്യക്തമാക്കിയത്.

രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളെയാണ് ഗജ ചുഴലി തൂത്തെറിഞ്ഞത്. ഗജ ആഞ്ഞടിച്ച പ്രദേശങ്ങളില്‍ തോട്ടകൃഷികളുള്‍പ്പെടെ വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനമാര്‍ഗ്ഗങ്ങളും ഗജയുടെ താണ്ഡവത്തില്‍ താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയില്‍ വിഹരിച്ചത്. വിവിധ ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. വിവിധയിടങ്ങളില്‍ 93 കിലോമീറ്റര്‍ മുതല്‍ 111കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ തിരമാലകള്‍ 8 മീറ്റര്‍ ഉയരത്തില്‍ വരെയെത്തിയിരുന്നു. പാമ്പന്‍ പാലം പൂര്‍ണമായും മുങ്ങി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നൂറുകണക്കിന് വൃക്ഷങ്ങള്‍ കടപുഴകി. പലയിടങ്ങളിലും ഗതാഗതം നിലച്ചു.