എന്തൊക്കെ എതിര്‍പ്പുകള്‍ വന്നാലും ഞാന്‍ ഉയരങ്ങളിലേയ്ക്കു തന്നെ: പാര്‍വ്വതി

2018-11-26 02:10:50am |

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന നടിമാരിലൊരാളാണ് പാര്‍വ്വതി. നടി അഭിനയിച്ച ചിത്രങ്ങള്‍ പോലും ആളുകള്‍ വെറുതെ വിടാറില്ല. പുതുതായി ഇറങ്ങുന്ന ചിത്രങ്ങള്‍ക്കെതിരെ ഹേറ്റ് കാംപെയ്‌നുമായി ഇറങ്ങുന്നതാണ് വിദ്വേഷികളുടെ മറ്റൊരു വിനോദം. ഇതിനെയെല്ലാം വക വയ്ക്കാതെ പാര്‍വ്വതിയുടെ പുതിയ ചിത്രം ഇറങ്ങാന്‍ പോവുകയാണ്.

'ഉയരെ' എന്ന ചിത്രമാണ് പാര്‍വ്വതിയുടെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമ. ഉയരെ എന്ന് പറയുമ്പോള്‍ അത് തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണ് നല്‍കുന്നതെന്നാണ് നടി പറയുന്നത്. തന്റെ പുതിയ ചിത്രമായ ഉയരെയുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. എന്ത് തന്നെ തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയുള്ളൂ അത് ഉയരങ്ങളിലേക്കാണെന്ന് പാര്‍വതി പറയുന്നു.

ഉയരെ എന്ന് പറയുമ്പോള്‍ എന്നിലത് ഉണര്‍ത്തുന്നത് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരു ഊര്‍ജമാണ്. ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും, വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെ. മുന്നോട്ട്... ഉയരങ്ങളിലേക്ക്, പാര്‍വ്വതി വ്യക്തമാക്കി.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെന്ണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ബോബി സഞ്ജയ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ. പാര്‍വതി നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോയും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കഷന്‍.