വിഷ്ണു വിശാലും അമലാ പോളും വിവാഹിതരാകുന്നു?: വെളിപ്പെടുത്തലുമായി നടന്‍

2018-11-28 03:16:17am |

രാക്ഷസന്‍ സിനിമയുടെ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഏറെ നാളുകള്‍ക്കു ശേഷം വിഷ്ണു വിശാല്‍ എന്ന യുവതാരത്തിനു ലഭിച്ച ഏറ്റവും വലിയ ബ്രേക്ക്. ഹിറ്റ് ചാര്‍ട്ടുകളിലിടം നേടി സിനിമ കുതിക്കുന്നതിനിടെയാണ് താന്‍ വിവാഹ മോചിതനായെന്ന വാര്‍ത്ത വിഷ്ണു അറിയിച്ചത്. ഒരു വര്‍ഷമായി വിഷ്ണുവും ഭാര്യ രജിനിയും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. എന്നാല്‍ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടതോടെ വിഷ്ണുവും അമലയും വിവാഹിതരാകാന്‍ പോകുന്നെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു. രാക്ഷസന്‍ സിനിമയുടെ ഷൂട്ടിനിടെ ഇരുവരും പ്രണയത്തിലായെന്നുമാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു തന്നെ നടന്‍ രംഗത്തെത്തി.

'എന്ത് അസംബന്ധ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വം കാണിക്കണം. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെതായ ജീവിതമുണ്ട്, കുടുംബമുണ്ട്. നിങ്ങളുടെയെന്തെങ്കിലും നേട്ടത്തിനു വേണ്ടി ഇങ്ങനെ എഴുതരുത്.' ട്വീറ്റിലൂടെ വിഷ്ണു പറഞ്ഞു.

വിഷ്ണുവും അമലയും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. സിനിമ ഹിറ്റായതോടെയാണ് ഇരുവരുടെയും ജോഡി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹ മോചനത്തിനു ശേഷം അമലാ പോളിനെക്കുറിച്ച് സമാനമായ രീതിയില്‍ പല ഗോസിപ്പുകളും വന്നിരുന്നു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് തെന്നിന്ത്യയ്ക്കു പുറമേ ബോളിവുഡിലും സജീവമാവുകയാണ് അമല. വിഷ്ണുവിനും രജനിക്കും ഒരു മകനുണ്ട്. ഇനിയുള്ള കാലവും താനും രജനിയും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും മകനു വേണ്ടി എന്നും ഒന്നിച്ചുണ്ടാകുമെന്നും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ട് വിഷ്ണു പറഞ്ഞിരുന്നു.