വഞ്ചകിയും അഴിമതിക്കാരിയുമാണ് പ്രിയങ്ക; അവര്‍ക്കൊപ്പമുള്ള ജീവിതം നിക്കിന് ജീവപര്യന്തം തടവ്; വിവാദമായി ലേഖനം

2018-12-08 02:16:02am |

ലോകമാസകലം ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. താരവും പോപ് ഗായകന്‍ നിക്ക് ജോനാസിനും തമ്മിലുള്ള വിവാഹം ലോകംമുഴുവന്‍ വാര്‍ത്തയുമായിരുന്നു. വമ്പന്‍ ആഘോഷങ്ങളോടെ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അമേരിക്കന്‍ മാധ്യമമായ 'ദ് കട്ട്'-ല്‍ ഇരുവരെയും കുറിച്ചുവന്ന ലേഖനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രിയങ്കയ്ക്ക് എതിരെ വംശീയ അധിക്ഷേപമുള്‍പ്പെടെ നടത്തിയ ലേഖനം ഒടുവില്‍ പിന്‍വലിച്ച് വെബ്‌സൈറ്റ് മാപ്പ് പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയകളില്‍ മാധ്യമത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വിവാഹത്തിന് പിന്നാലെയാണ് ദ കട്ട് ലേഖനം പ്രസിദ്ധീകരിച്ചത്. 'ആഗോള അഴിമതിക്കാരി' (Global Scam Artist) എന്ന് ലേഖനം പ്രിയങ്കയെ വിശേഷിപ്പിക്കുന്നു. നിക്കിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹമെന്നും പ്രിയങ്ക നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ''പ്രിയങ്കക്ക് പറ്റിയ ആളെ കണ്ടെത്താന്‍ പിആര്‍ സംഘത്തെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. പ്രണയിക്കണമെന്ന് മാത്രം ഉദ്ദേശമുണ്ടായിരുന്ന നിക്കിനെ വിവാഹത്തിലേക്ക് പ്രിയങ്ക നിര്‍ബന്ധിച്ച് കൊണ്ടെത്തിച്ചു. ഇനി അഴിമതിക്കാരിയായ നടിക്കൊപ്പമുള്ള ജീവിതം നിക്കിന് ജീവപര്യന്ത തടവുശിക്ഷയായിരിക്കും'', ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിനെതിരെ നിക്ക് ജോനാസിന്റെ സഹോദരനും ബോളിവുഡ് താരങ്ങളും രംഗത്തെത്തി. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. വളരെ സന്തോഷകരമായ അവസ്ഥയിലാണ് ഞാനുള്ളത്. ഇത്തരം കാര്യങ്ങള്‍ക്കൊന്നും എന്റെ സന്തോഷം ഇല്ലാതാക്കാന്‍ കഴിയില്ല, പ്രിയങ്ക പറഞ്ഞു.