ജാതകപ്രകാരം ഏഴരശനി തുടങ്ങിയപ്പോഴായിരുന്നു കല്യാണം നടന്നത്, അത് തീര്‍ന്നപ്പോള്‍ ഡിവോഴ്‌സായി, ഇപ്പോള്‍ നല്ല സമയമാണ്; ലെന പറയുന്നു

2018-12-10 02:10:54am |

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ് ലെന. വ്യത്യസ്തമായുള്ള തിരക്കഥകളുടെ തെരഞ്ഞെടുപ്പും ലെനയെ ഏറെ പ്രിയങ്കരിയാക്കി. സിനിമയിലെ തെരഞ്ഞെടുപ്പുകള്‍ പോലെ തന്നെയാണ് ലെനയുടെ ജീവിതവും. പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം ലെനയുടെ തന്നെ തീരുമാനങ്ങളായിരുന്നു. ഒരു തീരുമാനത്തിലും ലെനയ്ക്ക് പശ്ചാത്താപമില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് വിവരിച്ചിരിക്കുകയാണ് താരം.

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അഭിലാഷുമായി ലെന പ്രണയത്തിലാവുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുത്തതില്‍ വളരെ അധികം സന്തോഷമുണ്ട് എന്നാണ് ലെന പറയുന്നത്. ജാതകപ്രകാരം ഏഴരശ്ശനിയുള്ള സമയത്തായിരുന്നു വിവാഹമെന്നും അത് തീര്‍ന്നപ്പോള്‍ ഡിവോഴ്‌സ് ആയെന്നും താരം കൂട്ടിച്ചേര്‍ത്തു. കുറേ നാളായി നല്ല സമയമാണെന്നാണ് ലെന പറയുന്നത്. ഇതിലും നല്ല സമയം വരാനിരിക്കുന്നതു കൊണ്ട് ഇനി വിവാഹം കഴിക്കാനുള്ള സാധ്യതയില്ലെന്ന് ലെന പറയുന്നു.

'ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്.

ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ...ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.' ലെന പറഞ്ഞു