ഈ ആക്രമണം മഞ്ജുവിനൊപ്പം നിന്നതിനാൽ! ഒടിയൻ വിവാദത്തിൽ വെളിപ്പെടുത്തലുകളുമായി ശ്രീകുമാർ മേനോൻ

2018-12-16 03:55:02am | കടപ്പാട്: വനിത ഓണ്‍ലൈന്‍

മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മുതൽ മുടക്കിയ ചിത്രമെന്ന വിശേഷണവുമായാണ് മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ‘ഒടിയൻ’ തിയേറ്ററുകളിലെത്തിയത്. മാസങ്ങൾക്കു മുൻപേ റിലീസ് ഷോയുടെ മൊത്തം ടിക്കറ്റുകളും വിറ്റു തീർന്ന വൻ വരവായിരുന്നു ചിത്രത്തിന്റെത്. ഹർത്താൽ പോലും അതിജീവിച്ച വമ്പൻ റിലീസ്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ നെഗറ്റീവ് റിവ്യൂസും മോശം അഭിപ്രായങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. അമിത പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ പ്രേക്ഷകരെ ചിത്രം ഒട്ടും സന്തോഷിപ്പിച്ചില്ല എന്നതായിരുന്നു പ്രധാന ആരോപണം. അതിന് കുറ്റം ചാർത്തപ്പെട്ടത് സംവിധായകന്റെ മേലും.

പ്രീ പബ്ലിസിറ്റിയിൽ സംവിധായകന്റെ പല പ്രസ്താവനകളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു എന്നതാണ് പലരും പറഞ്ഞത്. ഒരു ഘട്ടത്തിൽ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പേജിൽ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. ആരോപണങ്ങൾക്ക് ‘വനിത ഓൺലൈനി’ലൂടെ ശ്രീകുമാർ മേനോൻ വിശദീകരണം നൽകുന്നു.

sr3

അമിതമായ പ്രീ പബ്ലിസിറ്റിയാണ് ഒടിയന് ശാപമായതെന്നാണ് പൊതുവേയുള്ള ആരോപണം. പ്രത്യേകിച്ചും റിലീസിനു മുൻപ് ചിത്രം 100 കോടി നേടിയെന്ന പ്രഖ്യാപനം. സംവിധായകന്റെ ‘തള്ള്’ കടന്നു പോയെന്ന് സോഷ്യൽ മീഡിയ പറയുന്നു. എന്താണ് താങ്കൾക്കു തോന്നുന്നത് ?

ഞാൻ ഉണ്ടാക്കിയ ഉൽപ്പന്നം എങ്ങനെ വിൽക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ്. അപ്പോൾ എനിക്കറിയാവുന്ന രീതിയിൽ, എനിക്കിഷ്ടപ്പെട്ട, വിശ്വസിക്കുന്ന ഉൽപ്പന്നത്തെ ഞാൻ നല്ല രീതിയിൽ വിറ്റു. അതിന്റെ പേരിൽ എന്തിനാണ് വിമർശിക്കുന്നത്. നിങ്ങൾക്കിഷ്ടമല്ലെങ്കിൽ നിങ്ങൾ കാണണ്ട. ഇഷ്ടമുള്ളവർ കാണട്ടേ. അല്ലാതെ, കാണാത്തവർ പോലും ഈ സിനിമയ്ക്കെതിരെ ഇത്ര മോശം അഭിപ്രായങ്ങൾ പറയുന്നത് എന്ത് ഉദ്ദേശിച്ചാണ്. അപ്പോൾ ഈ സംഭവങ്ങളൊക്കെ ഒടിയനെ മാത്രമല്ല, മലയാള സിനിമ രംഗത്തെ തന്നെ തകർക്കാനുള്ള പ്രവർത്തനങ്ങളാണെന്നു വ്യക്തം. പിന്നെ നൂറ് കോടിയുടെ കാര്യം. അത് കഥയല്ല, വാസ്തവമാണ്. മറ്റൊന്ന്, ഈ വീക്കെൻഡിൽ ഓവർസീസിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 16 കോടിയാണ്. അത് ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഔദ്യോഗിക കണക്കാണ്. റിലീസ് ദിവസം 4 കോടി 78 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ. അത് ഒരു സൗത്ത് ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ തുകയാണ്. അതൊക്കെ കേൾക്കുമ്പോൾ നമ്മൾ മലയാളി പ്രേക്ഷകർ സന്തോഷിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്. മറിച്ച്, അതിനെതിരെ പറയുന്നത് അവരുടെ മാനസികാവസ്ഥയുടെ പ്രശ്നമാണെന്നാണ് എനിക്കു തോന്നുന്നത്. അതിൽ എനിക്കൊന്നു പറയാനില്ല. കാരണം മാനസികമായി മര്യാദയുള്ളവരോടല്ലേ നമുക്ക് സംസാരിക്കാൻ പറ്റൂ.

വിമർശനങ്ങൾ പലപ്പോഴും താങ്കളെ വ്യക്തിപരമായി ആക്രമിക്കുന്ന തലത്തിലേക്കെത്തി. അതിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ?

മഞ്ജു വാര്യർ എന്ന ബ്രാൻഡിനെ ഹാൻഡിൽ ചെയ്യാൻ തുടങ്ങിയ ശേഷം വ്യക്തിപരമായി നിരന്തരം ആക്രമിക്കപ്പെട്ട വ്യക്തിയാണ് ഞാൻ. അത് എനിക്കും നിങ്ങൾക്കും ലോകത്തിനുമറിയാം. അതിന്റെ പേരിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ ഫൈനലായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. അല്ലാതെ എനിക്ക് സിനിമാ രംഗത്ത് ശത്രുതയൊന്നുമില്ല. ശരിയെന്നു തോന്നുന്ന വിശ്വാസത്തിൽ, ആവശ്യമുള്ള ഒരു ഘട്ടത്തിൽ, സഹായകമായ രീതിയിൽ അവരുടെ കരിയറിൽ ചില പ്രധാനപ്പെട്ട അവസ്ഥകളിലും തീരുമാനങ്ങളിലും ഞാൻ ഭാഗമായിട്ടുണ്ട്. അവരെ ഇപ്പോൾ കാണുന്ന മഞ്ജു വാര്യരാക്കുന്ന ഒരു പ്ലാനിംങ്ങിൽ പ്രൊഫഷണലി ഇടപെട്ടിട്ടുമുണ്ട്. അതെന്റെ ജോലിയാണ്. അതിനെ മറ്റുള്ളവർ അലോസരപ്പെടുത്തിയാൽ നമുക്കെന്താ ചെയ്യാൻ പറ്റുക. ഞാൻ ഈ രംഗത്തുള്ളവനും മലയാള സിനിമയിൽ തന്നെ തുടരും എന്ന് വാശിയുള്ളവനുമല്ല. പക്ഷേ മുൻപ് പറഞ്ഞതിന്റെ പേരിൽ സംഘടിതമായ ആക്രമണം എനിക്കു നേരെ നടന്നിട്ടുണ്ട്. അതാണിപ്പോൾ നടക്കുന്നതും. അതിനാൽ ഇതെനിക്കൊരു സർപ്രൈസൊന്നുമല്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു തന്നെ അറിയാമായിരുന്നു. ഇതൊന്നും എന്നെ ബാധിക്കുന്നുമില്ല. നിങ്ങൾ ചെയ്ത ഒരു തെറ്റ് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോഴാണല്ലോ അതു നിങ്ങളെ ബാധിക്കുക. അല്ലാത്ത പക്ഷം യാതൊരു ആരോപണവും നമ്മളെ വേദനിപ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ, എന്നെ മാനസികമായി തളർത്താനോ ഇല്ലാതെയാക്കാനോ ശ്രമിക്കുന്നവരോട്, ‘ദയവു ചെയ്ത് അങ്ങനെ ചെയ്തിട്ട് കാര്യമില്ല, നിങ്ങൾ എന്തുദ്ദേശിക്കുന്നുവോ അതൊന്നും ഇവിടെ സംഭവിക്കുന്നില്ല’ എന്നതാണ് എനിക്കു പറയാനുള്ളത്.

sr6

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ എന്താണ് മോഹൻലാലിന്റെ പ്രതികരണം?

ഇതൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടു പോലുമില്ല. ഇതും ഇതിനപ്പുറവും കണ്ട ആളല്ലേ. നോക്കൂ, അടുത്ത നാല് ദിവസവും ഈ സിനിമ സോൾഡ് ഔട്ടാണ്. എന്തെങ്കിലും വസ്തുതയുള്ള ഒരു കാര്യത്തെ ഹൈലൈറ്റ് ചെയ്യുകയും വിമർശിക്കുകയും ചെയ്താലാണ് അത് യഥാർത്ഥ വിമർശനമാകുക. അല്ലാത്തതൊന്നും വിമർശനമല്ലല്ലോ, വെറും കുറ്റം പറച്ചിലല്ലേ ആകുന്നുള്ളൂ. എത്രകാലം ഈ കുറ്റം പറച്ചിലിന് ആയുസ്സുണ്ടാകും ? സോഷ്യൽ മീഡിയയിൽ ഇന്നലെ രാത്രി മുതൽ സംഗതി മാറി; ‘ഇത് നല്ല സിനിമയാണല്ലോ എന്തിനാണിത്ര വിമർശിക്കുന്നതെന്ന’ അഭിപ്രായങ്ങൾ വന്നു തുടങ്ങി. ഈ സിനിമ ചിത്രീകരണം തുടങ്ങിയതു മുതൽ വിമർശനങ്ങളാണല്ലോ. ഈ പടം സംവിധാനം ചെയ്തത് ഞാനല്ല, മറ്റൊരാളാണ്, ആന്റണി പെരുമ്പാവൂരും മോഹൻലാലും ചേർന്ന് എന്നെ സംവിധാന സ്ഥാനത്തു നിന്ന് മാറ്റി, പകരം വന്ന ആളാണ് സിനിമ സംവിധാനം ചെയ്തത് എന്നൊക്കെയായിരുന്നല്ലോ ഇതു വരെയുള്ള വിമർശനം. അങ്ങനെയെങ്കിൽ എന്നെയെന്തിനാണ് വിമർശിക്കുന്നത്. ആ സംവിധായകനെയല്ലേ വിമർശിക്കേണ്ടത്. ഞാനല്ലല്ലോ അയാളല്ലേ തെറ്റ് ചെയ്തത്. എന്താ ഇതിന്റെയൊക്കെ അർത്ഥം. പക്ഷേ, സത്യമല്ലാത്ത ഒരു ക്യാമ്പെയിങ്ങും പ്രചരണവും ഒരു ഘട്ടത്തിനപ്പുറം പോകില്ല.

ശ്രീകുമാറിന്റ വാക്കുകളിൽ ആത്മവിശ്വാസം. അതിന്റെ തുടർച്ചയെന്നോണമാണ് അദ്ദേഹം ബാക്കി പറഞ്ഞത്.

sr2

ഇന്നലെ ഒരാൾക്ക്, ഇന്ന് എനിക്ക്, നാളെ മറ്റൊരാൾക്ക്... കാരണം, ഈ ലോകത്ത് ശത്രുക്കളുള്ളവരാണല്ലോ കൂടുതൽ. ഇതെല്ലാവർക്കും വരാവുന്നതാണ്. പക്ഷേ ഞാനിത് നേരിടാൻ തീരുമാനിച്ചിരിക്കുന്നു. ഇവർക്കറിയാവുന്നത് സോഷ്യൽ മീഡിയയിൽ അഭിപ്രായമെഴുത്തു മാത്രമാണ്. പക്ഷേ സോഷ്യൽ മീഡിയയെ ശാസ്ത്രീയമായി പ്രാക്ടീസ് ചെയ്യുന്ന ഒരാളാണ് ഞാൻ. കാരണം അതെന്റെ പ്രൊഫഷന്റെ ഭാഗമാണ്. സോഷ്യൽ മീഡിയ എങ്ങനെ ഗുണകരമായി ഉപയോഗിക്കാമെന്നും സോഷ്യൽ മീഡിയയുടെ കരുത്തെന്താണെന്നും അറിയുന്നവനാണ് ഞാൻ. അതുകൊണ്ടു തന്നെ ഇതുകൊണ്ടൊന്നും വെറുതെയിരിക്കാൻ ഞാൻ തയാറല്ല. ഞാൻ മോശക്കാരനാണെന്നു പറഞ്ഞോട്ടെ, പക്ഷേ മറ്റൊരാളുടെ കാശ് കൊണ്ട്, ഒരുപാട് പേരുടെ അധ്വാനം കൊണ്ടുണ്ടാക്കിയ ഒരു ഉൽപ്പന്നത്തെയും കൂടി ചേർത്തു പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. പ്രതിരോധിച്ചല്ലേ പറ്റൂ. അവർക്കെന്നെ അറ്റാക്ക് ചെയ്യാമെങ്കിൽ എനിക്ക് പ്രതിരോധിക്കാനുള്ള അവകാശവുമുണ്ടല്ലോ.

sr5

എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ചോദിച്ചത് ശ്രീകുമാർ മേനോന് പണിയറിയില്ലെന്ന കാരണത്താലാണെന്നും ട്രോളുകളുണ്ട് ?

വിമർശിക്കുമ്പോൾ എല്ലാറ്റിനെയും ചേർത്തു വിമർശിക്കുകയാണല്ലോ. അതിൽ രണ്ടാമൂഴവും വരും. ഭാഗ്യത്തിന് ഞാന്‍ ചെയ്ത പരസ്യങ്ങളെ മാത്രം വിമർശിക്കുന്നില്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ ഒടിയന്റെ വിജയത്തെ ആസ്പദമാക്കിയൊന്നുമല്ലല്ലോ എം.ടി എനിക്കു നൽകിയത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഒടിയൻ ആലോചിക്കുന്നതിനു രണ്ടു വർഷം മുൻപാണ് എം.ടി സാർ എനിക്ക് തന്നത്. ശ്രീകുമാർ എന്ന സംവിധായകന് ചെയ്യാനറിയാത്തതിനാൽ തിരക്കഥ തിരികെ വാങ്ങുന്നു എന്നല്ലല്ലോ അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞ സമയത്തിനുള്ളിൽ സിനിമ തീരില്ല എന്നതായിരുന്നു പ്രശ്നം. പിന്നെങ്ങിനെയാണ് ഇത് രണ്ടും കൂട്ടിക്കലർത്തുക. രണ്ടാമൂഴം നടക്കുമെന്നതിൽ എന്താ സംശയം.