പൊടി പറത്തി വരുന്ന അതിമാനുഷികനായ ലാലേട്ടനെ കാണിക്കാമായിരുന്നു, പക്ഷെ എന്റെ മാസ് ഇതാണ്: ശ്രീകുമാര്‍ മേനോന്‍

2018-12-17 02:33:48am |

തിരുവനന്തപുരം: ഒടിയന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പൊടി പറത്തി വരുന്ന അതിമാനുഷികനായ ലാലേട്ടനെ കാണിക്കാമായിരുന്നു. പക്ഷെ ഇതിലെ കഥാപാത്രം സാധരണ മനുഷ്യനാണെന്ന് ശ്രീകുമാര്‍ മേനോന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിനുള്ളില്‍ അന്യഭാഷാ ചിത്രങ്ങള്‍ കോടി കളക്ഷന്‍ കൊണ്ടുപോകുമ്പോള്‍ മലയാള സിനിമകള്‍ക്ക് പുറത്ത് നേടുന്നത് പരമാവധി 80- 90 ലക്ഷം മാത്രമാണ്. അതുകൊണ്ട് തന്നെ സിനിമയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഒടിയന്‍ കേരളത്തിനു പുറത്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുന്നേറുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുറത്തുള്ള വിപണി ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടത്തിയതെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. പുലിമുരുകന്‍ പോലെ ഒരു മാസ് അല്ല ഒടിയനെന്ന് പലരും കുറ്റപ്പെടുത്തി. എന്നാല്‍ മറ്റൊരു പുലിമുരുകന്‍ ഉണ്ടാക്കനല്ല താന്‍ വന്നതെന്നും, തന്റെ കാഴ്ചപ്പാടിലെ മാസ് ചിത്രമാണിതെന്നും ശ്രീകുമാര്‍ മേനോന്‍ തുറന്നടിച്ചു. തനിക്കെതിരെ ഉയരുന്നത് വ്യക്തിപരമായ ആക്രമമണങ്ങളാണെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചു.