അമിത മദ്യപാനം; മുക്തി നേടല്‍, ക്യാന്‍സറില്‍ നിന്നും അതിജീവനം; ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ഞാന്‍ തയാറായിരുന്നു; ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മനീഷ കൊയ്രാള

2018-12-27 03:04:12am |

അമിതമായ മദ്യപാനം ജീവിതത്തെ കീഴ്‌പെടുത്തിയതിനെ കുറിച്ചും അതില്‍ നിന്നും അതിജീവിച്ചതിനെ കുറിച്ചും നടി മനീഷ കൊയ്രാള വ്യക്തമാക്കുന്നു. ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മീ എ ന്യൂ ലൈഫ് (Healed: How Cancer gave me a new life?) എന്ന പുസ്തകത്തിലെ തുറന്നെഴുത്തിലൂടെയാണ് മനീഷ ഓരോ കാര്യവും വ്യക്തമാക്കിയത്. ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ചും കാന്‍സര്‍ അതിജീവനത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.

''പണം, പേര്, പ്രശസ്തി എല്ലാം എനിക്കുണ്ടായിരുന്നു. ഏതുസമയത്തും ഒരു പാര്‍ട്ടി നടത്താന്‍ പറ്റിയ ഒരു സുഹൃത് വലയവും എപ്പോഴും എനിക്കു ചുറ്റുമുണ്ടായിരുന്നു. അങ്ങനെ ലോകം തന്നെ കാല്‍ക്കീഴിലായി എന്നു ചിന്തിച്ചു നടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങള്‍ എന്നെ അലട്ടിയത്. 1999 ല്‍ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്താണ് എനിക്ക് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടത്. ഒരു ചെറിയ ഇവേള പോലുമെടുക്കാതെ ഞാന്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ തുടങ്ങി. വിശ്രമമില്ലാത്ത ജോലിമൂലം രാവിലെ എഴുന്നേല്‍ക്കാനോ, മേക്കപ്പ് ചെയ്യാനോ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനോ പോലും കഴിയാത്ത വിധം ഞാനാകെ തകര്‍ന്നു.

ജീവിതം വിരസമായിത്തുടങ്ങി. ലൈറ്റ്‌സ്, ക്യാമറ ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റൊരു വ്യക്തിത്വമാകുന്ന ഒരു യന്ത്രമായി എനിക്കെന്നെ തോന്നി. ''ദിവസം ചെല്ലുംതോറും സമ്മര്‍ദ്ദം ഏറി വരുന്നതു പോലെ എനിക്കു തോന്നി. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണതകള്‍ എന്റെ ആത്മാവിനെപ്പോലും ബാധിക്കാന്‍ തുടങ്ങി. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയും, സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല, എന്റെ മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോള്‍പ്പോലും അത് വോഡ്കയാകുന്ന അവസ്ഥവരെ കാര്യങ്ങളെത്തി.

ജീവിതം ബാലന്‍സ് ചെയ്യാനുള്ള സെന്‍സ് ഇല്ലെന്ന് എന്റെ മുന്‍ കാമുകന്‍ എന്നോടെപ്പോഴും പറയുമായിരുന്നു. സത്യത്തില്‍ ആ ബാലന്‍സ് ഇല്ലായ്മയെ ഞാന്‍ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാന്‍ ഇഷ്ടപ്പെടുകയോ, അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലയെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ പോലും ഞാന്‍ മനപൂര്‍വം ചെയ്തുകൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തില്‍ അറിഞ്ഞുകൊണ്ടു തന്നെ തെറ്റായ തിരഞ്ഞെടുപ്പുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു ഇതൊക്കെ.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരമുണ്ടെന്നറിഞ്ഞാല്‍ ബി ഗ്രേഡ് ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ഞാന്‍ തയാറായിരുന്നു. സംവിധായകന്‍ ആരാണ് എന്നതൊന്നും എനിക്കൊരു പ്രശ്‌നമേയല്ലായിരുന്നു''. മനീഷ കുറിച്ചു.